ഓച്ചിറ: ആതുരസേവനത്തിനൊപ്പം കാരുണ്യസേവനവും ജീവിത ഭാഗമാക്കിയ ഓച്ചിറ ചങ്ങൻകുളങ്ങര നാരായണീയത്തിൽ ശ്രീദേവിക്ക് കോൺഗ്രസിന്റെ ആദരവ്. ചങ്ങൻകുളങ്ങര ആർ.സി.പി.എം ആശുപത്രിയിലെ നഴ്സായ ശ്രീദേവി ജോലി കഴിഞ്ഞാൽ നാട്ടിലെ കിടപ്പുരോഗികളെയും ശാരീരിക അവശതകൾ നേരിടുന്നവരെയും പരിചരിക്കാനിറങ്ങും. ശരീരത്തിൽ വ്രണങ്ങളുമായി കഴിയുന്നവരെയെല്ലാം വളരെ ശ്രദ്ധയോടെയാണ് ശുശ്രൂഷിക്കുന്നത്. മനോനില തെറ്റിയവരെ മുടി വെട്ടി കുളിപ്പിച്ച് വൃത്തിയാക്കുന്നതുൾപ്പെടെ ചെയ്യുന്ന ശ്രീദേവിക്ക് നാട്ടുകാർ നൽകിയ വിളിപ്പേരാണ് മദർ തെരേസ.
ശ്രീദേവിയുടെ മകൾ ദിയ ദിലീപിന്റെ സഹപാഠി കണ്ണൂർ പരിയാരം തിരുവെട്ടൂർ സ്വദേശിനി റിസ്‌ലീന കഴിഞ്ഞ രണ്ടുമാസമായി ശ്രീദേവിയുടെ വീട്ടിലാണ് താമസം. ദിയയും റിസ്‌ലീനയും പത്തനംതിട്ട കോന്നി മന്നം മെമ്മോറിയൽ കോളേജിൽ ബി.എസ്.ഡബ്ല്യു രണ്ടാം വർഷ വിദ്യാർത്ഥിനികളാണ്. ലോക്ക് ഡൗണായതോടെ വീട്ടിലേക്ക് പോകാൻ കഴിയാതായ റിസ്‌ലിനയെ ദിയ വീട്ടിലേക്ക് കൂട്ടുകയായിരുന്നു. വീട്ടിലെ അംഗം പോലെ കഴിഞ്ഞ റിസ്‌ലീനയ്ക്ക് നോമ്പുകാലമായതോടെ വ്രതമനുഷ്ഠിക്കാൻ എല്ലാ സൗകര്യങ്ങളും ശ്രീദേവി ഒരുക്കി നൽകി. ഖുറാൻ വാങ്ങി നൽകിയതിനൊപ്പം രാവിലെ പുലർച്ചെ ഉറക്കമുണർന്ന് ബാങ്ക് വിളിക്ക് മുൻപേ ഇടയത്താഴം ഒരുക്കിനൽകും. അഞ്ച് നേരം മുടങ്ങാതെ നിസ്കരിക്കാനും ഖുറാൻ പാരായണത്തിനും സൗകര്യം ലഭിച്ചതോടെ വീട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയിലും റിസ്‌ലിന ഹാപ്പിയാണ്. ശ്രീദേവിയുടെ സേവന പ്രവൃത്തികൾ കേട്ടറിഞ്ഞാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.മഹേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ വീട്ടിലെത്തി ആദരവർപ്പിച്ചത്. ദിയയ്ക്കും റിസ്‌ലീനയ്ക്കും പെരുന്നാൾ സമ്മാനവും നൽകി. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ, കെ. ശോഭകുമാർ, രാധാകൃഷ്ണൻ, കളരിക്കൽ സലിംകുമാർ, കെ.ശങ്കരൻ എന്നിവർ സന്നിഹിതരായിരുന്നു.