virus

കൊല്ലം: കൊല്ലം സ്വദേശികളായ മൂന്നുപേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന കല്ലുവാതുക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ആശാ പ്രവർത്തക രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി.

ഈമാസം 19ന് മുംബയിൽ നിന്ന് സ്പെഷ്യൽ ട്രെയിനിൽ എത്തിയ 58 കാരനായ തൃക്കടവൂർ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. തിരുവനന്തപുരത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൊല്ലത്ത് എത്തിയ അദ്ദേഹം നഗരത്തിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പുനലൂർ സ്വദേശിയായ 32 വയസുകാരിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. റിയാദിൽ നിന്ന് 19ന് മടങ്ങിയെത്തിയ ഇവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇവർ ഏഴ് മാസം ഗർഭിണിയാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈമാസം 17നാണ് ഇന്നലെ രോഗമുക്തയായ കല്ലുവാതുക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പരിശോധന ഒഴികെ പിന്നീടുള്ള ഫലങ്ങളെല്ലാം നെഗറ്റീവായതോടെയാണ് ഇന്നലെ ആശുപത്രി വിട്ടത്.

ഇന്നലെ രണ്ടുപേർക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെ കൊവിഡ് ബാധിതരായ കൊല്ലം സ്വദേശികളുടെ എണ്ണം പതിനൊന്നായി. ഇവരെല്ലാം ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളിൽ നിന്നും വദേശത്ത് നിന്നും മടങ്ങിയെത്തിയവരാണ്.