അഞ്ചൽ: ഏറം വെള്ളശേരിവീട്ടിൽ വിജയസേനൻ - മണിമേഖല ദമ്പതികളുടെ മകൾ ഉത്തര (25) ദുരൂഹ സാഹചര്യത്തിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സംശയനിഴലിലായവരെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. പാമ്പ് കടിയേറ്റതാണോ അതോ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതാണോയെന്ന സംശയം ദൂരീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.
കൂടുതൽ വ്യക്തത വരുത്താനായി പരാതിയിൽ പറയുന്നവരെ രണ്ടു ദിവസത്തിനകം ചോദ്യം ചെയ്തേക്കും. പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ മകളെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ രക്ഷിതാക്കൾ കൊല്ലം റൂറൽ എസ്.പി. ഹരിശങ്കറിന് പരാതി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വെള്ളിയാഴ്ച ഏറത്തെ യുവതിയുടെ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. യുവതി രാത്രി ഉറങ്ങിയ എ.സി മുറിയുടെ തുറന്നുകിടന്ന ജനാലയിലൂടെ അകത്തുകയറിയ പാമ്പ് കടിച്ചുവെന്നാണ് ഭർത്താവ് സൂരജ് പൊലീസിന് നൽകിയ മൊഴി.
എന്നാൽ, ആ ജനാലയ്ക്കരികിലെ കട്ടിലിൽ സൂരജും ഉത്തര എതിർവശത്തെ കട്ടിലിലുമാണ് കിടന്നത്. എ.സി മുറിയുടെ ജനൽപാളി തുറന്നിട്ടതെന്തിനെന്ന സംശയം ബാക്കിനിൽക്കുന്നു.സൂരജിന്റെ മൊഴി പൂർണമായി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. അടൂരിലെ ഭർത്തൃവീട്ടിൽ വച്ച് ആദ്യം പാമ്പ് കടിച്ചതും പിന്നീട് അഞ്ചലിലെ വീട്ടിൽ വച്ച് കടിച്ചതും ഉത്തര അറിഞ്ഞിരുന്നില്ലെന്നതും സംശയാസ്പദമാണ്. രണ്ട് തവണയും ചികിത്സിച്ച ഡോക്ടർമാർ ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന നിഗമനത്തിലാണെങ്കിലും ഇത് ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണ സംഘം.