market-
മലിനജലം നിറഞ്ഞുകിടക്കുന്ന തഴവ ശ്രീരാമപുരം മാർക്കറ്റ്

കൊല്ലം: അനുദിനം അവഗണനയുടെ അടയാളമായി മാറുകയാണ് തഴവ പഞ്ചായത്തിലെ ശ്രീരാമപുരം മാർക്കറ്റ്. ചെറിയ മഴയിൽ പോലും മാർക്കറ്റ് വെള്ളക്കെട്ടാകാൻ തുടങ്ങിയിട്ട് കാലങ്ങളായി. മാർക്കറ്റിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കെട്ടികിടക്കുന്ന മഴവെള്ളത്തിൽ മാലിന്യങ്ങൾ കൂടി ചേരുമ്പോൾ പ്രദേശത്താകെ അസഹ്യമായ ദുർഗന്ധമാണ്. മഴക്കാല രോഗങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം നടത്തുന്നുവെന്ന് പറയുമ്പോഴും പകർച്ചവ്യാധികൾക്ക് സാദ്ധ്യത ഒരുക്കുന്ന മാർക്കറ്റിലെ സാഹചര്യങ്ങൾ ആരോഗ്യ വകുപ്പും പഞ്ചായത്തും പരിഗണിക്കുന്നില്ല. പകർച്ചവ്യാധികൾ കൂടി പിടിപെട്ട് തുടങ്ങിയാൽ കൊവിഡ് കാലത്ത് സാധാരണ ജനങ്ങൾക്കത് താങ്ങാനാകില്ല.

 പഞ്ചായത്ത് പറയുന്നതിങ്ങനെ

കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഇവിടെ ഓട നിർമ്മിക്കാൻ 50,000 രൂപ വകയിരുത്തി. ടെന്ററും റീടെന്ററും ക്ഷണിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും വന്നില്ല. ഈ വർഷം വീണ്ടും ടെന്റർ വിളിക്കും.

...........................

പഞ്ചായത്തും ആരോഗ്യ വകുപ്പും അടിയന്തിരമായി ഇടപെടണം. കാൽനടയായും വാഹനങ്ങളിലും ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ മാലിന്യങ്ങൾ എത്തുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തി അതൊഴിവാക്കണം.


പ്രകാശ് പാപ്പാടി, ഒ.ബി.സി മോർച്ച മുൻ ജില്ലാ ജനറൽ സെക്രട്ടറി