കൊവിഡ് കാലത്ത് ചൈനയിൽ നിന്നെത്തിയ കപ്പലിൽ ഒളിച്ചുകടന്ന് ചെന്നൈയിലെത്തിയ പൂച്ച മൂന്ന് മാസത്തെ നിരീക്ഷണം പൂർത്തിയാക്കി. ഈ പൂച്ചയെ ഇനി ആർക്ക് വേണമെങ്കിലും ദത്തെടുക്കാം.
ചെന്നൈ തുറമുഖത്തെത്തിയ കളിപ്പാട്ടങ്ങൾ നിറച്ച കണ്ടെയ്നറിനുള്ളിൽ ഫെബ്രുവരി 17നാണ് പൂച്ചയെ കണ്ടത്. ചൈനയിലേക്കുതന്നെ മടക്കി അയയ്ക്കാൻ ശ്രമിച്ചെങ്കിലും മൃഗസംരക്ഷണ സംഘടനയായ പെറ്റ പ്രവർത്തകർ എതിർത്തതോടെ ചെന്നൈ കസ്റ്റംസ് അധികൃതർ അതിനെ പൂച്ചകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കാറ്റിറ്റിയൂഡ് ട്രസ്റ്റിന് കൈമാറി. തമിഴ്നാട് മൃഗസംരക്ഷണ വകുപ്പാണ് ഇതുവരെ പൂച്ചയുടെ കാര്യങ്ങൾ നോക്കിയത്.
പൂച്ചയെ ചെന്നൈയിലെ അനിമൽ ക്വാറന്റീൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസിന് കൈമാറാനും 30 ദിവസം ക്വാറന്റീനിൽ സൂക്ഷിക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശം വന്നു. പൂച്ചയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി മേനേകാ ഗാന്ധിയുടെ പിന്തുണയോടെ മൃഗസനേഹികളും മുന്നോട്ടുവന്നു. ആരെങ്കിലും ദത്തെടുക്കുന്നതുവരെ പൂച്ചയെ സംരക്ഷിക്കാമെന്ന് പെറ്റ ഇന്ത്യ വെറ്ററിനറി സർവീസസ് മാനേജർ രശ്മി ഗോഖലെ അറിയിച്ചിരുന്നു. മനുഷ്യർക്ക് പൂച്ചകളിൽ നിന്ന് കൊവിഡ് 19 പടരില്ലെന്നും അവർ അറിയിച്ചു. ചൈനയിൽ മാംസത്തിനും രോമത്തിനും വേണ്ടി പൂച്ചകളെ കൊല്ലുന്നത് പതിവാണെന്നും അതിനാൽ പൂച്ചയെ ചൈനയിലേക്ക് തിരിച്ചയയ്ക്കരുതെന്നായിരുന്നു മൃഗസ്നേഹികളുടെ ആവശ്യം.
പൂച്ച കണ്ടെയ്നറിനുള്ളിൽ കടന്നത് ചൈനയിൽ നിന്ന് ആകാൻ സാധ്യതയില്ലെന്നും മൃഗസ്നേഹികൾ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയിൽ നിന്ന് ചെന്നൈയിലെത്താൻ വേണ്ട 20 ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ പൂച്ചയ്ക്ക് ജീവൻ നിലനിറുത്താനാവില്ലെന്നും സിംഗപ്പൂരിലെയോ കൊളംബോയിലെയോ തുറമുഖത്തുനിന്ന് കയറിയതാവാമെന്നും അവർ വാദിച്ചിരുന്നു.