പ്രാർത്ഥനയിലൂടെയും പൂജയിലൂടെയും കൊവിഡിനെ തുരത്താനുള്ള ശ്രമത്തിലാണ് കർണാടകയിലെ ഒരു ഗ്രാമം. ഉത്തര കർണാടകയിലെ ബെല്ലാരി ഹുളിക്കരെ ഗ്രാമത്തിലാണ് പ്രത്യേക പൂജയും പ്രാർത്ഥനയും നടക്കുന്നത്. തങ്ങളുടെ പൂർവികർ ഇത്തരത്തിൽ പൂജ നടത്തി പ്ലേഗും ചിക്കൻപോക്സും നിർമ്മാർജനം ചെയ്തുവെന്നും ഗ്രാമവാസികൾ പറയുന്നു. ഏറെ പ്രത്യേകതകളുളള ഈ പൂജകൾ ഹുളിക്കരെ ഗ്രാമത്തിനു പുതുമയുള്ളതല്ല.
ഒരു പ്രത്യേക സമയം തീരുമാനിച്ച് ഗ്രാമത്തിലെ വീടുകൾ അടിച്ചുതളിച്ച് വൃത്തിയാക്കിയാണ് പൂജകൾക്കും പ്രാർത്ഥനകൾക്കും തയ്യാറെടുക്കുന്നത്. മധുര പലഹാരങ്ങളൊരുക്കി ദേവശിൽപത്തെ സ്വീകരിച്ച് ചെറിയ പ്രദിക്ഷണങ്ങളൊരുക്കി ഗ്രാമത്തിന് പുറത്ത് എത്തിക്കുന്നതോടെ കൊവിഡ് മഹാമാരി വിട്ടൊഴിയുമെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. വേപ്പിലകൊണ്ട് തയ്യാറാക്കിയ രഥങ്ങളിലാണ് ദേവതകളെ എഴുന്നള്ളിക്കുന്നത്.
തങ്ങൾ നൽകുന്ന മധുരപലഹാരവും ആദരവും സമ്മാനങ്ങളും സ്വീകരിച്ച് കൊവിഡ് ഗ്രാമംവിട്ടുപോകുമെന്നതാണ് ആരാധനയിലൂടെ ഉദ്ദേശിക്കുന്നത്. ഹൂളിക്കരെയിൽ മാത്രമല്ല, കർണാടകയിലെയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇത്തരം പൂജകൾ സാധാരണമാണ്.
എന്നാൽ, ഇത്തരം ആചാരങ്ങൾ അശാസ്ത്രീയമാണെന്നും കൊവിഡ് വ്യാപിക്കാൻ ഈ കൂട്ടംകൂടലുകൾ കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നവരുമുണ്ട്. എന്നാൽ മഹാമാരിയുടെ വ്യാപ്തിയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ഈ ആചാരങ്ങൾ സഹായിക്കുമെന്നാണ് മറുപക്ഷം പറയുന്നത്. പ്രാർത്ഥനയുടെ പൂജയുടെയും പേരിലാണെങ്കിലും വീടും പരിസരവും ശുചിയാകുമല്ലോ എന്നാണ് ഒരുഭാഗം ആളുകൾ വാദിക്കുന്നത്.