ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒരു സംവിധാനമാണ് ഗൂഗിൾ മാപ്പ്. എന്നാൽ ഈ ഗൂഗിൾ മാപ്പിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഒരു യുവാവ്. ഗൂഗിൾ മാപ്പ് കാരണം കുടുംബത്തിലെ സമാധാനം പൊയെന്നാണ് യുവാവ് പറയുന്നത്. താൻ ഒരിക്കലും സന്ദർശിക്കാത്ത സ്ഥലങ്ങൾ സന്ദർശിച്ചതായി ഗൂഗിൾ മാപ്പിൽ കാണിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഗൂഗിൾ മാപ്പിനെ വിശ്വസിച്ച ഭാര്യ കലഹം തുടങ്ങി.
കുടുംബകലഹം പതിവായതോടെ ഗൂഗിളിനെതിരെ യുവാവ് പൊലീസിൽ പരാതി നൽകി. നാഗപട്ടണം ജില്ലയിലെ മയിലാടുതുറൈ ലാൽ ബഹദൂർ നഗർ സ്വദേശിയാണ് മയിലാടുതുറൈ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്. താൻ സന്ദർശിക്കാത്ത സ്ഥലങ്ങൾ ഗൂഗിൾമാപ്പ് ടൈംലൈനിൽ കാണിക്കുന്നെന്ന് ആരോപിച്ചാണ് പരാതി. ഗൂഗിൾ മാപ്പിലെ വിവരങ്ങൾ കണ്ട് ഭാര്യ തന്നെ സംശയിക്കുകയാണെന്നാണ് പരാതിയിൽ പറയുന്നു.
അത് കുടുംബകലഹത്തിന് കാരണമാകുന്നുണ്ട്. താൻ എവിടെയൊക്കെ പോകുന്നുവെന്നറിയാൻ ഭാര്യ ഇടയ്ക്കിടെ ഗൂഗിൾ മാപ്പ് ടൈംലൈൻ നോക്കാറുണ്ട്. എന്നാൽ, താൻ പോകാത്ത സ്ഥലങ്ങളിലൊക്കെ പോയയെന്നാണ് മാപ്പിൽ കാണിക്കുന്നത്. തന്നെക്കാളും ഭാര്യയ്ക്ക് വിശ്വാസം ഗൂഗിളിനെയാണെന്നും യുവാവ് പരാതിയിൽ പറയുന്നു.
ഗൂഗിൾ തന്റെ ജീവിതം തകർത്തെന്നും അതിനാൽ ഗൂഗിളിനെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ഗൂഗിൾ മാപ്പിന്റെ പിഴവ് കാരണം ഭാര്യയുടെ ചോദ്യങ്ങൾക്ക് തനിക്ക് ഉത്തരം നൽകാൻ കഴിയുന്നില്ല. കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, കൗൺസിലർമാർ എന്നിവർ ഇത് ശരിയല്ലെന്ന് പറയുന്നുണ്ടെങ്കിലും ഭാര്യ മാത്രം വിശ്വസിക്കുന്നില്ല. അതേസമയം ദമ്പതിമാരെ കൗൺസിലിംഗ് നടത്താനാണ് പൊലീസിന്റെ തീരുമാനം.