കൊല്ലം: തങ്ങളുടെ നാട്ടിൽ അടിക്കടി ഉണ്ടാവുന്ന കൊലപാതകങ്ങളിൽ നടുങ്ങുകയാണ് അഞ്ചൽ നിവാസികൾ. ചുരുളഴിയാത്ത കൊലപാതകങ്ങൾ പലതുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഇപ്പോഴും നീതിതേടി അലയുന്ന കേസുകൾ വേറെ. പ്രതികളെ തിരിച്ചറിഞ്ഞ ചില കേസുകൾ ഇതാ:
അരുംകൊല ടിക്ടോക്കിൽ
മൂന്നു മാസം മുമ്പ് അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിലെ പൗൾട്രിഫാം തൊഴിലാളിയായ അസം സ്വദേശിയെ താമസസ്ഥലത്ത് സുഹൃത്ത് കഴുത്തറുത്ത് കൊന്നു. ഇരുവരും ഫാമിലെ തൊഴിലാളികൾ. അർദ്ധരാത്രിയിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒച്ചകേട്ട് മറ്റ് തൊഴിലാളികൾ ഉണർന്നെങ്കിലും പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി. സംഘർഷത്തിൽ പ്രതിക്കും സാരമായി പരിക്കേറ്റു. കൊലയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച പ്രതി ടിക്ടോക്കിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തടിച്ചുകൂടിയ നാട്ടുകാരാണ് തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്.
ആൾക്കൂട്ട കൊലപാതകം
2018 ജൂലായിൽ പശ്ചിമബംഗാൾ സ്വദേശിയായ മദ്ധ്യവയസ്കനെ കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാർ ക്രൂരമായി മർദ്ദിച്ച് മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. അഞ്ച് അഞ്ചൽ സ്വദേശികളാണ് പ്രതികൾ
മുതലാളിയെ കുത്തിക്കൊന്നു
പത്തുവർഷം മുമ്പ് അഞ്ചൽ തഴമേൽ ചൂരക്കുളത്തെ ഇഷ്ടിക ഫാക്ടറി ഉടമയെയും സഹായിയായ തമിഴ്നാട് സ്വദേശി ബാലനെയും അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ കൊലപ്പെടുത്തിയത് വീട്ടിൽക്കയറിയാണ്. രക്ഷപെടാൻ പ്രതികൾ ശ്രമിച്ചെങ്കിലും വഴി തിട്ടമില്ലാതെ പ്രദേശത്ത് കറങ്ങിനടന്ന ഇവരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
നെട്ടയം രാമഭദ്രൻ വധം
പത്ത് വർഷം മുമ്പ് അഞ്ചൽ നെട്ടയത്ത് കോൺഗ്രസ് പ്രവർത്തകനായ രാമഭദ്രനെ അക്രമിസംഘം രാത്രി വീട്ടിൽകയറിയാണ് കൊലപ്പെടുത്തിയത്. ഭാര്യയുടെയും മക്കളുടെയും മുന്നിലായിരുന്നു കൊലപാതകം. കേസ് ഇപ്പോൾ സി.ബി.ഐ കോടതിയിലാണ്. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് പ്രതികൾ.
രണ്ട് പിഞ്ചുകുട്ടികളും അമ്മയും
14 വർഷം മുമ്പ് അഞ്ചൽ അലയമൺ സ്വദേശിയായ യുവതിയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും അയൽവാസിയായ പട്ടാളക്കാരൻ ദിവിൽകുമാറും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. ദിവിൽകുമാറിൽ നിന്ന് ഗർഭം ധരിച്ച യുവതിയെ കൊല്ലാൻ സുഹൃത്തിനെ നിയോഗിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.