"മിന്നൽ മുരളി"സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ പ്രതികരിച്ച് ടൊവിനോ തോമസ്. സെറ്റ് തകർത്തതിൽ വിഷമവും അതിലേറെ ആശങ്കയുമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ടൊവിനോ തോമസ് പറഞ്ഞു. 'വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതുവരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണ് ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്-' ടൊവിനോ തോമസ് പറഞ്ഞു. തകർത്ത സെറ്റിന്‍റെ ചിത്രങ്ങളും പൊലീസിൽ പരാതി നൽകിയതിന്‍റെ രേഖകളും ടൊവിനോ തോമസ് പങ്കുവച്ചു.
ഫേസ്ബുക്ക് കുറിപ്പ്
മിന്നൽ മുരളി ആദ്യ ഷെഡ്യൂൾ വയനാട്ടിൽ നടന്നു കൊണ്ടിരുന്നതിനൊപ്പമാണ്, രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്സ് ഷൂട്ടിനു വേണ്ടി ആക്ഷൻ കോറിയോഗ്രാഫർ വ്ലാഡ് റിംബർഗിന്റെ നിർദ്ദേശപ്രകാരം ആർട്ട് ഡയറക്ടർ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മാണം ആരംഭിച്ചത്.
ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ഈ സെറ്റിൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുൻപാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതും, ഞങ്ങളുടേതുൾപ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിർത്തി വയ്ക്കുന്നതും. വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാൻ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിർത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വർഗ്ഗീയവാദികൾ തകർത്തത്. അതിനവർ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടുമില്ല.
വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്.. ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും . അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ് . 80 ലക്ഷം മുടക്കി പണിത സിനിമ സെറ്റ് അടിച്ച് തകർത്താണ് അക്രമകാരികൾ അഴിഞ്ഞാടിയത്. ടൊവിനോ തോമസിന്റെ മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി കെട്ടിപ്പൊക്കിയ വിദേശ നിർമ്മിത മാതൃകയിലുള്ള പള്ളിയുടെ സെറ്റാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടത്.