കൊല്ലം: ഭാര്യയെ ഉഗ്രവിഷമുള്ള മൂർഖനെക്കൊണ്ട് കടിപ്പിച്ചു കൊന്ന സംഭവം കുറ്റകൃത്യ ചരിത്രത്തിൽ തന്നെ അത്യപൂർവമായൊരു ഏടായിരിക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തൽ.
27 വയസുമാത്രമുള്ള സൂരജ് ആവിഷ്‌കരിച്ച കുതന്ത്രങ്ങൾ സിനിമാക്കഥകളെപ്പോലും വെല്ലുന്നതാണ്. കൊല്ലം റൂറൽ പൊലീസ് സൂപ്രണ്ട് ഹരിശങ്കർ അടക്കം അമ്പരക്കുകയാണ്.
യു ട്യുബിൽ തുടർച്ചയായി വീഡിയോകളും വ്യത്യസ്തമായ ചിത്രങ്ങളും പാട്ടുകളും സൂരജ് കാണാറുണ്ട്. ഫെബ്രുവരി 12ന് പാമ്പു പിടിത്തക്കാരൻ സുരേഷിനെ വിളിച്ച് യുട്യൂബിലെ പാമ്പിന്റെ വീഡിയോകളെപ്പറ്റി അന്വേഷിച്ചു. അടുത്ത ദിവസതന്നെ പാരിപ്പള്ളിയിൽ പോയി സുരേഷിനെ കണ്ട് കരാറുറപ്പിച്ചു. സൂരജിന്റെ വീട്ടിലെത്തി പാമ്പിനെ കൈമാറുമ്പോൾ ലിജിൻ, രാജു, പ്രേംജിത്ത് എന്നീ സുഹൃത്തുക്കളും സുരേഷിനൊപ്പമുണ്ടായിരുന്നു. പ്രേംജിത്ത് പാമ്പുപിടിത്തക്കാരൻ കൂടിയാണ്.
പിന്നീട് ഒരു രാത്രി സൂരജ് ഉത്രയോട് മുകളിലെ മുറിയിലിരിക്കുന്ന മൊബൈൽ ഫോൺ എടുത്തുകൊണ്ടുവരാൻ പറഞ്ഞു. മുകളിലത്തെ മുറിയിലേക്കു പോകവെ സ്റ്റെയർകെയ്സിന്റെ പടിയിൽ അണലിയെ കണ്ട് ഉത്ര പേടിച്ചോടി. സൂരജിനോട് വിവരം പറഞ്ഞപ്പോൾ അത് ചേരയോ മറ്റോ ആയിരിക്കുമെന്ന് പറഞ്ഞു. പിന്നീട് സൂരജ് പാമ്പിനെ പിടിച്ച് ചാക്കിലാക്കി പുറത്തേക്കിട്ടു.
ഈ അണലിയെ ആരും കാണാതെ സൂക്ഷിച്ചിരുന്നു. മാർച്ച് രണ്ടിന് രാത്രി 12.45 ഓടെ പുറത്തു സൂക്ഷിച്ചിരുന്ന പാമ്പുമായി കിടപ്പുമുറിയിലെത്തി. ഗാഢനിദ്രയിലായിരുന്ന ഭാര്യയുടെ കാൽപ്പാദത്തിലേക്ക് അണലിയെ ഇറക്കിവിട്ട് കടിപ്പിച്ചു. പുലർച്ചയോടെ സുഹൃത്തിനെക്കൂടി വിളിച്ച് അടുത്ത ആശുപത്രിയിൽ കൊണ്ടുപോയി. അവിടെനിന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെത്തിച്ചു. അണലിയെ കിടപ്പുമുറിയിൽനിന്ന് കണ്ടെത്തി ആളുകളെ ബോദ്ധ്യപ്പെടുത്താൻ തല്ലിക്കൊന്ന് കുഴിച്ചിട്ടു.
ഉത്ര രക്ഷപ്പെട്ടശേഷം അധികം സംസാരിക്കാൻ പോലും ഇയാൾ താത്പര്യം കാട്ടിയിരുന്നില്ല. ഏപ്രിൽ 24ന് വീണ്ടും ഭാര്യയെ അപായപ്പെടുത്താനുള്ള ഒരുക്കം തുടങ്ങി. സുരേഷുമായി ബന്ധപ്പെട്ട് മൂർഖൻ പാമ്പിനെ വാങ്ങി. ഇതിനെ ഉപയോഗിച്ചാണ് ഉത്രയുടെ കൈയിൽ കടിപ്പിച്ചത്. പാമ്പ് കടിച്ചതറിയാതെ ഉറങ്ങിയ ഉത്ര പിന്നീട് ഉണർന്നില്ല. രാവിലെ ഒന്നുമറിയാത്തപോലെ കിടപ്പുമുറിയിൽ നിന്ന് പുറത്തിറങ്ങി പ്രഭാതകൃത്യങ്ങളിൽ മുഴുകി. ഉത്തരയെ ആശുപത്രിയിലെത്തിക്കാനും സൂരജ് മുന്നിലുണ്ടായിരുന്നു. ദുഃഖം നടിച്ച് ഉത്രയുടെ വീട്ടിലെത്തി അളിയൻ വിഷുവുമായി ചേർന്ന് പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു.