സംശയം ഉണർത്തിയത്
1. ഉത്രയുടെ മരണം നടക്കുന്ന രാത്രി പതിവില്ലാതെ പലതവണ സൂരജ് കിടപ്പ് മുറിയിൽ നിന്ന് പുറത്തുവന്നു.
2. ഓരോതവണ പുറത്തുവരുമ്പോഴും തിരിച്ചു കയറുമ്പോഴും പരിഭ്രാന്തനായിരുന്നു. വളരെ വൈകിമാത്രം ഉറങ്ങാറുള്ള ഉത്രയുടെ മാതാപിതാക്കൾ ഇതു കാണുന്നുണ്ടായിരുന്നു.
3.മരണം നടന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇനി സ്വത്തിന് കുഞ്ഞുമാത്രമാണല്ലോ അവകാശി (ഒന്നര വയസുളള ധ്രുവ് ) എന്ന് ഉത്രയുടെ വീട്ടുകാരോട് പറഞ്ഞു.
#ആദ്യതവണ ഉത്ര പാമ്പിനെ കണ്ടതിനാൽ പരാജയപ്പെട്ടു
#രണ്ടാംവട്ടം ചികിത്സ ലഭിച്ചതിനാൽ ദൗത്യം പരാജയം.
# മൂന്നാം ശ്രമത്തിൽ മരണം ഉറപ്പാക്കി
അഞ്ചൽ: ഭർതൃവസതിയിൽ വച്ചു പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായതിനുശേഷം രക്ഷപ്പെട്ട യുവതി ഒരു മാസത്തിനുശേഷം സ്വവസതിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവം സമാനതകളില്ലാത്ത കൊലപാതകം.
അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ വിജയസേനൻ- മണിമേഖല ദമ്പതികളുടെ മകൾ ഉത്രയെ (25) കൊലപ്പെടുത്തിയെന്ന കുറ്റംചുമത്തി ഭർത്താവ് അടൂർ പറക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ് (27), സഹായി ചാത്തന്നൂർ കല്ലുവാതുക്കൽ സ്വദേശി സുരേഷ് (പാമ്പ് സുരേഷ്-42) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സുരേഷിൽ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്.
ശനിയാഴ്ച വൈകിട്ട് സൂരജിനെ അടൂരിലെ വീടിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സ്വന്തം വീട്ടിൽ സൂരജിനെ ഒറ്റയ്ക്കും ഉത്രയുടെ വീട്ടിൽ കൂട്ടുപ്രതി സുരേഷിനൊപ്പവും കൊണ്ടുവന്ന് തെളിവെടുത്തു.
അവിചാരിതമായി പാമ്പ് കടിയേറ്റ് സംഭവിച്ചതെന്ന് കരുതിയ മരണം ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും അഞ്ചൽ പൊലീസിനും തുടർന്ന് റൂറൽ എസ്.പി ഹരിശങ്കറിനും നൽകിയ പരാതിയിലൂടെയാണ് വഴിതിരിഞ്ഞത്.
മേയ് 7ന് പുലർച്ചെയാണ് ഉത്രയെ അഞ്ചൽ ഏറത്തെ വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടത്. സൂരജും മുറിയിലുണ്ടായിരുന്നു. അമ്മ മണിമേഖല ഏറെനേരം വിളിച്ചെങ്കിലും ഉത്ര ഉണർന്നില്ല. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാമ്പുകടിയേറ്റാണ് മരണമെന്നും മുറി പരിശോധിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്ന് കട്ടിലിനടിയിൽ കണ്ടെത്തിയ പാമ്പിനെ തല്ലിക്കൊന്നു.
സൂരജിന്റെ പെരുമാറ്റത്തിൽ കണ്ട അസ്വാഭാവികതയാണ് ഉത്രയുടെ വീട്ടുകാരിൽ സംശയം ജനിപ്പിച്ചത്.
മാർച്ച് 2ന് രാത്രി 8 മണിയോടെ സൂരജിന്റെ വീട്ടിൽ വച്ചാണ് ആദ്യം അണലിയുടെ കടിയേറ്റത്. അന്ന് വളരെ വൈകിയാണ് ആശുപത്രിയിൽ എത്തിച്ചത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ 52 ദിവസം ചികിത്സയിലായിരുന്നു. ഭേദമായപ്പോൾ മാതാപിതാക്കൾ ഉത്രയെ ഏറത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. മേയ് 6ന് അവിടെ എത്തിയ സൂരജ് അന്നവിടെ തങ്ങി. അന്ന് രാത്രിയിലാണ് വീണ്ടും പാമ്പുകടിയേൽക്കുന്നത്. എ.സി മുറിയുടെ തുറന്നിട്ട ജനാലയിലൂടെയാകാം പാമ്പ് കയറിയതെന്ന് സൂരജ് വീട്ടുകാരോട് പറഞ്ഞു.
റൂറൽ എസ്.പി ഹരിശങ്കറിന് ലഭിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഉത്രയുടെ വീട്ടിൽ
സൂരജുമായി തെളിവെടുപ്പ്
കൊല്ലം: സൂരജിനെ അഞ്ചൽ ഏറത്തെ ഭാര്യാ ഗൃഹത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ ആറരയോടെ വളരെ രഹസ്യമായാണ് കൊണ്ടുവന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മകളുടെ കൊലയാളിയെ വീട്ടിൽ കയറ്റില്ലെന്ന് ഉത്രയുടെ മാതാവ് മണിമേഖല അലറി പറയുന്നുണ്ടായിരുന്നു. താൻ ആരേയും കൊന്നിട്ടില്ലെന്നും നിരപരാധിയാണെന്നും സൂരജും വിളിച്ചു പറഞ്ഞു . പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പി വീടിന് സമീപത്തുള്ള പഴയ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
കുഞ്ഞിനെ ഉത്രയുടെ
മാതാപിതാക്കൾക്ക് വിട്ടു നൽകണം
കൊല്ലം: ഉത്രയുടെ ഒരു വയസ് പ്രായമായ മകനെ ഉത്രയുടെ മാതാപിതാക്കൾക്ക് വിട്ടു നൽകാൻ ജില്ലാ ശിശുക്ഷേമ സമിതി ഉത്തരവിട്ടു. സൂരജിന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു കുഞ്ഞ്. കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി ഉത്രയുടെ അച്ഛൻ വിജയസേനനും അമ്മ മണിമേഖലയും ശിശുക്ഷേമ സമിതി മുമ്പാകെ നൽകിയ പരാതി പരിഗണിച്ച ചെയർമാൻ കെ.പി. സജിനാഥ് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ചൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശം നൽകി. ചെെൽഡ് പ്രാെട്ടക്ഷൻ യൂണിറ്റിനോടും നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിവരങ്ങൾ തേടി. ഇരുവരും നൽകിയ റിപ്പോർട്ടുകൾക്കൊപ്പം പത്രവാർത്തകളുടെയും അടിസ്ഥാനത്തിലാണ് കുഞ്ഞിനെ വിട്ടുനൽകാൻ സമിതി നിർദേശം നൽകിയത്. ഉത്രയുടെ മരണശേഷം കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശുക്ഷേമ സമിതിയുടെ അനുമതിയോടെ സൂരജ് ഏറ്റെടുക്കുകയായിരുന്നു.