കൊവിഡിന് പിന്നാലെ കർഷകർക്ക് ഭീഷണിയായി വെട്ടുകിളി ആക്രമണവും. വിളവെടുപ്പിന് ഒരുങ്ങുന്ന ഇന്ത്യയിലെ കൃഷിയിടങ്ങളിലേക്കാണ് വെട്ടുകിളികൾ എത്തുന്നത്. രണ്ട് ലക്ഷം ഹെക്ടറിലധികം കൃഷിയടിങ്ങളില്‍ ഇവ നാശനഷ്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്.
ഫെബ്രുവരിയിൽ പാകിസ്ഥാനിൽ ഉണ്ടായ വെട്ടുകിളി ആക്രമണത്തെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കനത്ത നാശനഷ്ടമാണ് പാകിസ്ഥാനിലെ കാർഷിക മേഖലയിൽ വെട്ടുകിളികൾ തീർത്തത്.
ഇതിന് പിന്നാലെയാണ് ഇന്ത്യയിലേക്കും ഇവ പ്രവേശിച്ചിരിക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, സംസ്ഥാനങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിലും വെട്ടുകിളി ആക്രമണം തുടങ്ങി. ആഗ്ര, ഝാൻസി എന്നിവിടങ്ങളിലാണ് നിലവിൽ പ്രവേശിച്ചിരിക്കുന്നത്. മുൻകരുതലിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.ഏപ്രിൽ രണ്ടാം വാരമാണ് ഇന്ത്യയിൽ ആദ്യമായി വെട്ടുകിളി ആക്രമണം റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാനിൽ നിന്നും രാജസ്ഥാനിലെ പാടങ്ങളിലേക്കായിരുന്നു ഇവ ആദ്യം എത്തിയത്.
ഒരു കൂട്ടം വെട്ടുകിളികൾക്ക് ഏക്കർ കണക്കിന് കൃഷിയിടം മണിക്കൂറുകൾക്കുള്ളിൽ കാലിയാക്കാൻ കഴിയും. കർഷകർക്ക് വൻ നഷ്ടമായിരിക്കും നേരിടേണ്ടി വരിക. വെട്ടുകിളി ഭീഷണി നേരിടാൻ കർഷകർക്ക് ബോധവത്കരണ പരിപാടികൾ നടത്തുകയാണ് ഉത്തർപ്രദേശ് കാർഷിക വകുപ്പ്.ആഗ്രയിൽ വെട്ടുകിളികളെ നേരിടാനായി രാസവസ്തു സ്പ്രേ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇതിനായി 204 ട്രാക്ടറുകളും തയ്യാറാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് വെട്ടുക്കിളികളുടെ വരവിന് കാരണമെന്നാണ് ഗവേഷകർ പറയുന്നു