photo
വിവാഹച്ചെലവിനായി സൂക്ഷിച്ചിരുന്ന 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി വധൂവരന്മാർ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മക്ക് കൈമാറുന്നു

കരുനാഗപ്പള്ളി : വിവാഹത്തിനായി കരുതിയിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ദമ്പതികൾ മാതൃകയായി. സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രന്റെയും കെ. ശ്രീകുമാരിയുടെയും മകൻ അനൂപും തിരുവനന്തപുരം, കരമന, മേളാരന്നൂർ ബി. ഭാസ്കരന്റെയും ബി. വിജയ ലക്ഷ്മിയുടെയും മകൾ അനൂജയും തമ്മിലുള്ള വിവാഹമാണ് കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചടങ്ങ് മാത്രമായി നടത്തിയത്. വിവാഹച്ചെലവിനായി കരുതിയ തുകയിൽ നിന്ന് 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി വധൂവരൻമാർ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്ക് കൈമാറി. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിക്കു നൽകിയ ധനസഹായം അഡ്വ. എ.എം. ആരിഫ് എം.പി ഏറ്റുവാങ്ങി. സി.പി.എം ജില്ലാ കമ്മിറ്റി സെക്രട്ടറി എസ്. സുദേവൻ, അഡ്വ. കെ. സോമപ്രസാദ് എം.പി, എം.എൽ.എമാരായ ആർ. രാമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ, എം. നൗഷാദ്, സാമൂഹ്യക്ഷേമ ബോർഡ് അദ്ധ്യക്ഷ സൂസൻകോടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, പി.ആർ. വസന്തൻ, സി.എസ്. സുജാത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.