കൊല്ലം: ഉത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബോദ്ധ്യപ്പെട്ടിട്ടും അഞ്ചൽ പൊലീസ് ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാൽ സൂരജ് ഉൾപ്പടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. സൂരജിന്റെ മൊഴിയിൽ വൈരുദ്ധ്യം ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് മൊബൈൽ ഫോണിന്റെ കാൾ ഡീറ്റെയിൽസ് എടുത്തെങ്കിലും ഇത് പരിശോധിക്കാൻ പൊലീസ് മിനക്കെട്ടില്ല.
പിന്നീട് ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്.പി ഹരിശങ്കറിന് നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം പുനരാരംഭിച്ചത്. ആദ്യ ദിനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകനും സംഘവും ഉത്രയുടെ വീട്ടിലെത്തി പാമ്പ് മുറിക്കുള്ളിൽ കടക്കാനുള്ള സാദ്ധ്യതകളെല്ലാം പരിശോധിച്ചു. പാമ്പിനെ കൊണ്ടിട്ടതാകാമെന്ന നിഗമനത്തിലേക്ക് എത്തിയതോടെ കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് ഔദ്യോഗികമായി കൈമാറി. അന്വേഷണം തുടങ്ങിയപ്പോൾത്തന്നെ സൂരജിലേക്കാണ് വിരൽ ചൂണ്ടിയത്. തുടർന്ന് സൂരജിനെ നിരീക്ഷിക്കാൻ പ്രത്യേക പൊലീസ് ടീമിനെ വീട്ടുപരിസരത്ത് നിയോഗിക്കുകയായിരുന്നു.