കൊല്ലം: വലിയ പ്രതീക്ഷകളോടെയാണ് വിജയസേനൻ ഉത്രയെ സൂരജിന്റെ കൈപിടിച്ചേൽപ്പിച്ചത്. സാമ്പത്തികമായി തങ്ങളോളം വരില്ലെങ്കിലും കാഴ്ചയിലും സ്വഭാവത്തിലും യോഗ്യനെന്ന വിചാരത്തോടെയായിരുന്നു വിവാഹം. ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. വിവാഹശേഷം പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയായിരുന്നെന്ന് വിജയസേനൻ പറയുന്നു. ഉത്രയുമായി സൂരജ് അധികം മിണ്ടാറില്ല, മിക്കപ്പോഴും വഴക്കാണ്. മാസത്തിൽ രണ്ടുതവണ അഞ്ചലിലെ വീട്ടിലേക്ക് അയയ്ക്കും. തിരികെ എത്തുമ്പോൾ പണം കൊണ്ടുചെല്ലണം.
മാസം 8000 രൂപ ഉത്രവഴി സൂരജിന് കൊടുത്തുവിടുമായിരുന്നു. കൂടുതൽ ആവശ്യപ്പെട്ടപ്പോഴെല്ലാം അതും നൽകി. സൂരജിന്റെ പിതാവിന് പെട്ടിആട്ടോ വാങ്ങിക്കൊടുത്തു. സഹോദരിക്ക് കാറ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സഹികെട്ട് ഉത്രയെ ഇനി അടൂരിലേക്ക് വിടുന്നില്ലെന്ന് പലതവണ പറഞ്ഞെങ്കിലും സൂരജ് അത് അനുവദിച്ചില്ല. ഉത്രയുടെ മാതാവ് ഈ മാസം സർക്കാർ സർവീസിൽ നിന്ന് വിരമിക്കുകയാണ്. പെൻഷൻ തുകയും തനിക്ക് ലഭിക്കണമെന്നു സൂരജ് ആഗ്രഹിച്ചു. വിവാഹമോചനം നേടിയാൽ താൻ കൈക്കലാക്കിയ പണവും സ്വർണവുമടക്കം തിരിച്ചുകൊടുക്കേണ്ടി വരുമെന്ന് സൂരജിന് ബോദ്ധ്യമുണ്ടായിരുന്നു. അതാണ് ആസൂത്രിത കൊലപാതകത്തിന് ഒരുമ്പെട്ടത്.