കൊല്ലം: ഒരു ഭർത്താവും ഭാര്യയോട് ഇത്ര ക്രൂരമായി പെരുമാറിയിട്ടുണ്ടാവില്ല. ഭാര്യയെ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ആസ്വദിക്കുന്ന മനസിന്റെ ഉടമയായ സൂരജിനെ ഉത്ര ഒരിക്കൽപോലും സംശയിച്ചിരുന്നില്ല. അത്രയ്ക്ക് നിഷ്കളങ്കമായിരുന്നു ആ മനസ്. ബാഗിനുള്ളിൽ തന്റെ ജീവനെടുക്കാനുള്ള വിഷപ്പാമ്പുമായെത്തിയതറിയാതെ ഭർത്താവിന് ഇഷ്ട ഭക്ഷണം ഒരുക്കി കൊടുക്കാനാണ് അമ്മയോട് അന്നു രാത്രിയും ഉത്ര ആവശ്യപ്പെട്ടത്.
ഉറങ്ങിക്കിടന്ന ഉത്രയെ മൂർഖനെക്കൊണ്ട് കടിപ്പിച്ച സൂരജ് തൊട്ടടുത്ത കട്ടിലിൽ മരണം കണ്ടാസ്വദിച്ചു. ഒരു മനോരോഗിക്കുപോലും തോന്നാത്തത്ര വിരൂപമായ ചിന്തകളാകണം അയാളെ നയിച്ചിരുന്നത്. രാവിലെ ഒന്നും സംഭവിക്കാത്തപോലെ കുളിമുറിയിലേക്കുപോയ അയാൾ ഉത്രയുടെ അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തുമ്പോഴും ഉള്ളിൽ നിഗൂഢമായൊരു ആനന്ദം അനുഭവിച്ചപോലെ.
വിഷത്തെ അറിയാത്ത നിഷ്‌കളങ്കത
ഭർത്താവിനെയും ബന്ധുക്കളെയുമെല്ലാം അകമഴിഞ്ഞ് സ്‌നേഹിച്ചിരുന്ന ഉത്രയെ നിഷ്‌കളങ്കതയുടെ പര്യായമെന്നാണ് നാട്ടുകാരും കൂട്ടുകാരും വിതുമ്പലോടെ ഓർക്കുന്നത്. സൂരജ് ഉത്രയോട് പലപ്പോഴും മോശമായും പരുഷമായും പെരുമാറിയിട്ടുണ്ടെങ്കിലും അതൊന്നും കണക്കിലെടുക്കാതെ അവൾ അയാളെ സ്‌നേഹിച്ചു. ഭർത്താവിന്റെ വീട്ടുവിശേഷങ്ങൾ പറയുമ്പോൾ ഒരിക്കൽപോലും ഇക്കാര്യങ്ങളൊന്നും അമ്മയോടൊ അച്ഛനോടൊ സഹോദരനോടൊ പറഞ്ഞിട്ടില്ല. വീട്ടുകാരെ വിഷമിപ്പിക്കരുതെന്നതിനപ്പുറം സൂരജിനോടുളള സ്‌നേഹമായിരുന്നു അതിനുപിന്നിൽ.
ആദ്യം അണലിയുടെ കടിയേറ്റ് ആശുപത്രിയിൽ കിടന്നപ്പോഴും കാര്യമായ സ്‌നേഹമോ പരിചരണമോ സൂരജിൽ നിന്നുണ്ടായില്ല. എന്നിട്ടും ഉത്ര ഭർത്താവിനെ സംശയിച്ചതേയില്ല. ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ സ്വന്തം വീട്ടിൽ വിശ്രമിച്ച ഉത്രയെ കാണാൻ സൂരജ് എത്തിയപ്പോഴും ആ മനസിൽ മറിച്ചൊരു ചിന്തയുണ്ടായില്ല.