കൊല്ലം: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം സംബന്ധിച്ച കണക്കിൽ ആശയക്കുഴപ്പം. ജില്ലയിൽ 15 കൊവിഡ് ബാധിതരുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. എന്നാൽ ആരോഗ്യ വകുപ്പിന്റെ സംസ്ഥാനതലത്തിലുള്ള കണക്കിൽ 14 പേരേയുള്ളു.
കൊവിഡ് ബാധിതരുടെ എണ്ണം സംബന്ധിച്ച ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും കണക്ക് ആദ്യഘട്ടത്തിൽ ഒരു പോലെയായിരുന്നു. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കണക്കുകൾ തെറ്റിത്തുടങ്ങിയത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവർക്ക് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടും കളമശ്ശേരി മെഡിക്കൽ കോളേജിൽ ഒരു കൊല്ലം സ്വദേശിയും ചികിത്സയിലുണ്ട്.
രോഗബാധിതരുടെ എണ്ണത്തിലെ അവ്യക്തത രോഗം ഭേദമായി ഇവർ വീട്ടിലേക്ക് മടങ്ങിയ ശേഷമുള്ള ഗൃഹനിരീക്ഷണത്തിന്റെ ഏകോപനത്തെ ബാധിച്ചേക്കും.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും ആശയക്കുഴപ്പം
നിരീക്ഷണത്തിൽ കഴിയുന്നവരെ സംബന്ധിച്ച ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെ സംസ്ഥാനതലത്തിലുള്ള കണക്കുകൾ തമ്മിലും അന്തരമുണ്ട്.
കൊവിഡ് സ്ഥിരീകരിച്ച കൊല്ലം സ്വദേശികളിൽ 23 പേർ ഇതുവരെ രോഗമുക്തി നേടി. 5306 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച 3,126 സാമ്പിളുകളിൽ 74 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്.
ആരോഗ്യ വകുപ്പിന്റെ കണക്ക്
ജില്ലയിൽ ചികിത്സയിലുള്ളവർ: 11
തിരുവനന്തപുരത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികൾ: 2
എറണാകുളത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശി: 1
ആകെ രോഗബാധിതർ: 14
ജില്ലാ ഭരണകൂടത്തിന്റെ കണക്ക്: 15