കൊട്ടാരക്കര: തർക്കങ്ങൾ തീർന്നതോടെ പൂവറ്റൂരിലെ വിവാദ കലുങ്ക് നിർമ്മാണം പുനരാരംഭിച്ചു. പൂവറ്റൂർ ആശുപത്രിക്ക് സമീപമുള്ള റോഡിലെ പതിവ് വെള്ളക്കെട്ട് മാറ്റാനാണ് കലുങ്ക് നിർമ്മിക്കുന്നത്. ചീരങ്കാവ് - പുത്തൂർ - പൂവറ്റൂർ - പുത്തൂർ മുക്ക് റോഡിന്റെ നവീകരണ പദ്ധതിയിലാണ് കലുങ്ക് നിർമ്മാണവും ഉൾപ്പെട്ടത്. കലുങ്കിന്റെ ഒരു ഭാഗത്തിന്റെ നിർമ്മാണം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങവേയാണ് തർക്കം രൂക്ഷമായത്. റോഡരികിലെ ഓടയ്ക്ക് മുകളിൽ മതിൽ കെട്ടി സ്വകാര്യ വ്യക്തി റോഡിന്റെ ഭാഗം കൈയടക്കിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. മതിൽ പൊളിച്ചാലേ കലുങ്കിന്റെ തുടർ നിർമ്മാണം നടക്കുകയുള്ളൂവെന്ന ഘട്ടമെത്തി. സ്വകാര്യ വ്യക്തി തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മതിൽ നിർമ്മിച്ചിരിക്കുന്നതെന്ന വാദവും ഉന്നയിച്ചു. കഴിഞ്ഞ ദിവസം താലൂക്ക് സർവെയർ എത്തി പൊതുമരാമത്ത് വകുപ്പ് സബ് എൻജിനീയർമാരുടെ സാന്നിദ്ധ്യത്തിൽ ഭൂമി അളന്ന് തിട്ടപ്പെടുത്തി. വസ്തുതകൾ ബോദ്ധ്യപ്പെട്ടതോടെ മതിൽ പൊളിച്ച് ഭൂമി വിട്ടുനൽകാൻ വീട്ടുടമയും തയ്യാറായി. തുടർന്ന് മതിൽ പൊളിച്ച് ഓട തെളിച്ചു. കലുങ്കിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ നിർമ്മാണവും ഇതിനൊപ്പം തുടങ്ങുകയാണ്.
ചെറിയ മഴയിലും റോഡിൽ വെള്ളക്കെട്ട്
ചെറിയ മഴ പെയ്താൽപ്പോലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. കാൽനട യാത്രപോലും പ്രയാസകരമായ അവസ്ഥയെത്തിയതോടെയാണ് കലുങ്ക് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. കലുങ്ക് പൂർത്തിയാക്കി ഓടകൾ തെളിയുന്നതോടെ വെള്ളക്കെട്ട് പൂർണമായും മാറുമെന്നാണ് കണക്കുകൂട്ടുന്നത്. മഴ കനത്താൽ നിർമ്മാണത്തെ അത് ബാധിക്കും. ഒരു വശത്തെ നിർമ്മാണ ജോലികൾ പൂർത്തിയായതിനാൽ റോഡ് ഗതാഗതം തടസപ്പെടുത്താതെയാണ് ശേഷിക്കുന്ന നിർമ്മാണം.
18.65 കോടിയുടെ പദ്ധതി
പി. ഐഷാപോറ്റി എം.എൽ.എയുടെ ശ്രമഫലമായി 18 കോടി 65 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത്. റോഡിൽ ഏറ്റവും കൂടുതൽ വെള്ളക്കെട്ടുണ്ടാകുന്ന പൂവറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സമീപം കലുങ്ക് നിർമ്മിക്കാൻ തുക നീക്കിവച്ചിട്ടുണ്ട്. പൂവറ്റൂർ ജംഗ്ഷൻ, ക്ഷേത്രപരിസരം, ആശുപത്രി പരിസരം, ആനപ്പാറ തുടങ്ങി ഉയർന്ന ഭാഗങ്ങളിൽ നിന്നെല്ലാം മഴവെള്ളം ഒഴുകിയെത്തുന്ന പ്രദേശമാണിവിടം.