കൊല്ലം: ഉത്രയുടെ ഒരു വയസ് പ്രായമായ മകനെ ഉത്രയുടെ മാതാപിതാക്കൾക്ക് വിട്ടു നൽകാൻ ജില്ലാ ശിശുക്ഷേമ സമിതി ഉത്തരവിട്ടു. സൂരജിന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു കുഞ്ഞ്. കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി ഉത്രയുടെ അച്ഛൻ വിജയസേനനും അമ്മ മണിമേഖലയും ശിശുക്ഷേമ സമിതി മുമ്പാകെ നൽകിയ പരാതി പരിഗണിച്ച ചെയർമാൻ കെ.പി. സജിനാഥ് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ചൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശം നൽകി. ചെെൽഡ് പ്രാെട്ടക്‌ഷൻ യൂണിറ്റിനോടും നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിവരങ്ങൾ തേടി. ഇരുവരും നൽകിയ റിപ്പോർട്ടുകൾക്കൊപ്പം പത്രവാർത്തകളുടെയും അടിസ്ഥാനത്തിലാണ് കുഞ്ഞിനെ വിട്ടുനൽകാൻ സമിതി നിർദേശം നൽകിയത്. ഉത്രയുടെ മരണശേഷം കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശുക്ഷേമ സമിതിയുടെ അനുമതിയോടെ സൂരജ് ഏറ്റെടുക്കുകയായിരുന്നു.