അഞ്ചാലുംമൂട്: എം. മുകേഷ് എം.എൽ.എയുടെ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി ആശാപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവർക്ക് വിതരണം ചെയ്യുന്നതിനുള്ള അരി കിറ്റുകളാക്കി സി.പി.എം അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റി ഓഫീസിൽ ഇറക്കി സൂക്ഷിച്ചത് വിവാദമായി.
ഞായർ രാത്രി ഏഴരയോടെ നഗരസഭയുടെ പിക്ക്അപ് വാഹനത്തിലാണ് അരി പാർട്ടി ഓഫീസിൽ എത്തിച്ചത്. എം.എൽ.എ സ്വന്തം നിലയിൽ കണ്ടെത്തിയ തുക വിനിയോഗിച്ച് വാങ്ങിയ അരി പാർട്ടി ഓഫീസിൽ സൂക്ഷിച്ചതിൽ തെറ്റില്ലെന്ന നിലപാടിലാണ് പാർട്ടി പ്രവർത്തകർ.
അതേസമയം പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. അരി എത്തിക്കാൻ നഗരസഭയുടെ വാഹനം ഉപയോഗിക്കുകയും തൊട്ടടുത്ത് സാമൂഹ്യ ആരോഗ്യകേന്ദ്രവും കോർപ്പറേഷൻ സോണൽ ഓഫീസും ഉള്ളപ്പോൾ പാർട്ടി ഓഫീസ് ഉപയോഗിച്ചത് സ്വന്തക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കുന്നതിന് വേണ്ടിയാണെന്നും ആർ.എസ്.പി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.
ഒരു രാത്രി മുഴുവൻ പാർട്ടി ഓഫീസിൽ സൂക്ഷിച്ച അരി ഇന്നലെ രാവിലെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.