കൊല്ലം ലോക്ക് ഡൗൺ ഇളവുകളെ ആഘോഷമാക്കുന്നവരുടെ എണ്ണമേറിയതോടെ പൊലീസ് നടത്തിയ കർശന പരിശോധനയിൽ 90 പേർ അറസ്റ്റിലായി. കൊല്ലം സിറ്റി, കൊല്ലം റൂറൽ പൊലീസ് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പകർച്ചവ്യാധി തടയൽ ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ 57 കേസുകൾ രജിസ്റ്റർ ചെയ്‌തു. അനാവശ്യ യാത്രകൾ നടത്തിയ 27 വാഹനങ്ങളും പിടിച്ചെടുത്തു. കൊല്ലം വെസ്റ്റ്, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിയന്ത്രണങ്ങൾ അവഗണിച്ച് സമരം നടത്തിയ 39 പേർക്കെതിരെ 7 കേസുകൾ രജിസ്റ്റർ ചെയ്തു.
വിദേശ രാജ്യങ്ങൾ, അയൽ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തിയവരെ പാർപ്പിച്ചിരിക്കുന്ന സർക്കാർ നിരീക്ഷണ കേന്ദ്രങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്. ഗൃഹനിരീക്ഷണത്തിലും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും കഴിയുന്നവർ പുറത്ത് പോകുന്നില്ലെന്ന് ഉറപ്പിക്കാൻ പൊലീസ് ബൈക്ക് പട്രോളിംഗ് ശക്തമാക്കി. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പ് വരുത്താത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദേശം നൽകി.