idavam12
ചരിത്രസ്മരണയിൽ ഇടവം 12 സമര വാർഷികം ഇന്ന്

കൊല്ലം: കോട്ടൺ മില്ല് തൊഴിലാളികൾക്ക് വേണ്ടി കരിമണൽ തൊഴിലാളികൾ നടത്തിയ രക്തരൂക്ഷിത സമരമായ ഇടവം 12 സമരവാർഷികം ഇന്ന്. 1949 മെയ് 25, 26 (കൊല്ലവർഷം 1124 ഇടവം 1112 ) തീയതികളിൽ നടന്ന ഈ സമരമാണ് ചവറ ലഹളയെന്ന ഇടവം 12 സമരം. ആഴ്ചകളായി ലോക്കൗട്ട് പ്രഖ്യാപിച്ചിരുന്ന കോട്ടൺ മില്ലിൽ ഒരു സെക്ഷനും പൂട്ടാൻ സമ്മതിക്കാതെ ആർ.എസ്.പിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ശക്തമായ സമരം നടത്തി. എന്നാൽ മില്ലുടമയായ അമൃത ലാൽ ഗിരിധരലാൽ സേട്ടും ടി.കെ.നാരായണപിള്ളയുടെ പൊലീസും തമ്മിലുള്ള ബന്ധം നേരിട്ടറിയുന്ന ആർ.എസ്.പി നേതാവ് ശ്രീകണ്ഠൻ നായരുമായുള്ള സംഘട്ടനത്തിന്റെ കഥകൂടിയാണ് ഇടവം 12.
അടിയേറ്റ് അവശരായ തൊഴിലാളികൾക്കിടയിലേക്ക് ചാടി വീണ ശ്രീകണ്ഠൻ നായരെ കരുനാഗപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടറും ആറുപേരടങ്ങുന്ന പൊലീസ് സംഘവും പിടിച്ചുനിറുത്തി. ഭീകരമായ ലാത്തിച്ചാർജിൽ പല തൊഴിലാളികളും ബോധരഹിതരായി. സ്ത്രീകളെ പോലും നിലത്തിട്ട് ചവിട്ടി. എൻ.ശ്രീകണ്ഠൻ നായർ അറസ്റ്റ് ചെയ്യപ്പെട്ടു. കൊല്ലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പിറ്റേദിവസം കൊല്ലം ഇളകിമറിയുകയായിരുന്നു. ശ്രീകണൻനായരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ബേബി ജോണിന്റെ നിർദ്ദേശ പ്രകാരം ആയിരക്കണക്കിന് കരിമണൽ തൊഴിലാളികൾ ചവറ കോവിൽത്തോട്ടത്ത് നിന്ന് കൊല്ലത്തേക്ക് മാർച്ച് ചെയ്തു. പ്രതിഷേധ മാർച്ച് പുത്തൻ തുറയിലെത്തിയപ്പോൾ പൊലീസുമായി തൊഴിലാളികൾ ഏറ്റുമുട്ടി. പല പൊലീസുകാരും കായലിൽ ചാടി രക്ഷപ്പെട്ടു, സമരം നടന്ന കമ്പനി പടിക്കൽ നിലയുറപ്പിച്ചിരുന്ന പൊലീസ് സമരക്കാരെ വളഞ്ഞിട്ട് തല്ലി.

അമ്പലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഭാഗത്തു നിന്ന് പോലീസെത്തി ക്രൂരമായ ലാത്തിച്ചാർജ് നടത്തി, അക്ഷരാർത്ഥത്തിൽ ചവറയെന്ന കരിമണൽ നാട് പൊലീസ് രാജിന് വിധേയമായി. ലോക്കപ്പ് മർദ്ദനത്തിൽ 4 പേർ രക്തസാക്ഷികളായി. നൂറുകണക്കിനാളുകൾ പോലീസ് മർദ്ദത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി. അതിന്റെ ഓർമ്മ പുതുക്കുകയാണിന്ന്

കൊല്ലം.