speech
വീണ്ടും ചില രാഷ്ട്രീയ സങ്കടങ്ങൾ..

'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം '.

അതായത് പാലെത്ര അകിടിൽ തൂങ്ങിയാലും കൊതുക് പാൽ ശ്രദ്ധിക്കുകയേ ഇല്ല. ഇഷ്ടം ചോര തന്നെയെന്നാണ് കവി പറഞ്ഞു വച്ചത്. കുഞ്ഞുണ്ണിമാഷാകട്ടെ ചില കാര്യങ്ങൾ കുട്ടികവിതകളിലുടെ തുറന്നങ്ങടിക്കുകയും ചെയ്യും. 'പൊക്കമില്ലായ്മയാണെന്റെ പൊക്ക"മെന്ന് കുഞ്ഞുണ്ണിമാഷ് പറയുമ്പോൾ അതിന്റെ പൊരുളൊക്കെ ആരറിയാൻ. ഇല്ലാത്ത പൊക്കം കാണിക്കുന്ന കൊതുകു സ്വഭാവക്കാരോട് പറഞ്ഞിട്ട് വല്ലകാര്യവുമുണ്ടോ ? ഇല്ല. ചിലർക്ക് ഇല്ലാത്ത പൊക്കം വേണം.

കൊവിഡ് കാലമാണ്. എല്ലാം മറന്ന് എല്ലാവരും മഹാമാരിയെ തുരത്താൻ കിണഞ്ഞ് അദ്ധ്വാനിക്കുകയാണ്. എന്നാൽ ചില രാഷ്ട്രീയ നേതാക്കൾക്കാകട്ടെ ഇതൊന്നുമല്ല വിഷയം. അവർക്ക് ഈ മാസ്‌ക്കൊക്കെ ഒന്ന് ഊരിമാറ്റി വേഗം കുറെ ഉദ്ഘാടനങ്ങളും സമ്മേളനങ്ങളും നടത്തണമെന്ന ഒറ്റ ചിന്തയേയുള്ളൂ. പത്തുനാൾ പടവും വാർത്തയും വന്നില്ലെങ്കിൽ താൻ നേതാവല്ലാതാകുമോ എന്നൊരു ആധി ഇക്കൂട്ടരിലുണ്ട്. ചില പ്രസ്താവനാ വീരൻമാർ പോലും സാമൂഹിക അകലമെന്ന പേരിൽ നാലുപേർക്ക് മാസ്‌ക് കൊടുത്ത് പരിപാടി നടത്തുന്നുണ്ട്.

ചിലർ മാസ്‌ക് ധരിച്ച് റോഡിലാകെ സേവനവുമായി നടക്കുന്നു. ചിലർ മുതലാളിമാരുടെ പോക്കറ്റിൽ കൈയ്യിട്ട് ആ തുക കൊണ്ട് സൗജന്യ അരി വിതരണവും മറ്റും നടത്തുന്നു. ചിലർ അതിന്റെയൊക്കെ ഉദ്ഘാടനം നടത്തി സജീവ നേതാക്കളായി തുടരുന്നു. മറ്റ് ചിലരുടെ കാര്യമാകട്ടെ ബഹുരസമാണ്. ഭയങ്കര ബലം പിടുത്തമായിരുന്നു പണ്ടേ. ഇപ്പോൾ ബലം പിടിച്ച് സദാ വീട്ടിനുള്ളിൽ ഇരിപ്പാണ്. പ്രമുഖരുടെ മരണമൊക്കെ ഉണ്ടായാലേ പുറത്തിറങ്ങൂ. ആരോടായാലും ഒരൊന്നൊന്നര കനത്തിലേ സംസാരിക്കൂ.

തന്റെ സംസാരം ആരെങ്കിലും റെക്കോർഡ് ചെയ്യുന്നുണ്ടോ എന്നൊക്കെ വലിയ സംശയവും ഉണ്ട്. ചുമ്മാ ബലംപിടിത്തം മാത്രമേയുള്ളൂ. പാർട്ടി അണികൾക്കും നേതാക്കൾക്കുമൊന്നും ഇവരെ കണ്ണിൽ കണ്ടുകൂടാ. പാർട്ടി പത്രത്തിൽ വാർത്ത വരണമെന്ന ആഗ്രഹം പോലും ചില നേതാക്കൾക്കില്ലത്രെ (സ്വയം പറയുന്നതാണേ)

മറ്റ് ചിലരുടെ സങ്കടങ്ങൾ കേട്ടാൽ ചിരിവരും. ഈ വൃത്തികെട്ട കൊവിഡ് വന്നില്ലായിരുന്നെങ്കിൽ എന്റെ എത്ര ഫോട്ടോ പത്രങ്ങളിൽ അടിച്ചു വന്നേനെ. ഫേസ്ബുക്കിൽ നിറഞ്ഞു നിൽക്കേണ്ടതല്ലേ. രണ്ടു മാസം. ഹോ സഹിക്കാൻ വയ്യ... അമ്മയ്ക്ക് പ്രസവവേദന മോൾക്ക് വീണ വായന എന്നൊക്കെ കേട്ടിട്ടില്ലേ. മഹാമാരിയൊക്കെ എന്ത്. ഞങ്ങളുദ്ദേശിക്കുന്നതൊക്കെ നടന്നേ പറ്റൂ. ഇല്ലാത്ത പൊക്കം എന്തിനാ നേതാക്കന്മാരേ. ഒറ്റ കൊവിഡ് പോരെ എല്ലാ ബലം പിടുത്തവും തീരാൻ..പൊക്കം പൊക്കമില്ലായ്മയാകാൻ, അഹങ്കാരം നിശബ്ദതയാകാൻ....