പത്തനാപുരം: കോൺഗ്രസ് പ്രവർത്തകരും പൊലീസുമായി പത്തനാപുരത്ത് വാക്കേറ്റവും ഉന്തും തള്ളും. ഇടതുമുന്നണി സർക്കാരിന്റെ നാലാം വാർഷികം കരിദിനമായി ആചരിച്ച് പത്തനാപുരം മാർക്കറ്റ് ജംഗ്‌ഷനിൽ പ്രതിഷേധിക്കാനെത്തിയതായിരുന്നു കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. ഇതിനിടെ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം എസ്. ഐ സുബിനും സംഘവും എത്തി കേസെടുക്കുമെന്നും അറസ്റ്റ് വരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അഞ്ച് പേർ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തതെന്നും ബാക്കി പ്രവർത്തകർ അകലം പാലിച്ച് കാഴ്ചക്കാരാവുകയാണ് ചെയ്തതെന്നും നേതാക്കൾ പറഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സി.ഐ രാജീവ് എത്തി നേതാക്കളുമായി ചർച്ച നടത്തി കേസ് ഒഴിവാക്കാമെന്ന ഉറപ്പിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.ആർ. നജീബ്, നേതാക്കളായ ജെ.എൽ. നസീർ, ഷേക്ക് പരീത്, പള്ളിതോപ്പിൽ ഷിബു, ലത സി. നായർ, സാജു ഖാൻ, ഫാറൂക്ക് മുഹമ്മദ്, ഷാൻ പള്ളിമുക്ക്, യദുകൃഷ്ണ, സജിത്ത് തുളസി തുടങ്ങിയവർ പ്രതിഷേധത്തിൻ പങ്കെടുത്തു.