covid
കൊവിഡ്

സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് പൊലീസ് ഇടപെടൽ ശക്തം

കൊല്ലം: കർശന നിയന്ത്രണങ്ങൾക്കിടയിലും ഗൃഹ നിരീക്ഷണം അവഗണിക്കുന്നവരുടെ എണ്ണമേറുന്നുവെന്ന് റിപ്പോർട്ട്. ലോക്ക് ഡൗൺ കാലത്ത് അയൽ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും കുടുങ്ങി കിടന്ന നൂറ് കണക്കിനാളുകളാണ് കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ജില്ലയിലേക്ക് മടങ്ങിയെത്തിയത്. വിദേശങ്ങളിൽ നിന്ന് വന്നവരെയും അയൽ സംസ്ഥാനങ്ങളിലെ റെഡ‌് സോണുകളിൽ നിന്നെത്തിയവരെയുമാണ് സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലാക്കിയത്. മറ്റുള്ളവരെ കർശന നിയന്ത്രണങ്ങളോടെ ഗൃഹ നിരീക്ഷണത്തിലാക്കി. ആദ്യ ദിനങ്ങളിൽ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് പലരും അനുവാദമില്ലാതെ വീടുകളിലേക്ക് മുങ്ങിയതോടെയാണ് പൊലീസ് ഗൗരവ നിരീക്ഷണം ആരംഭിച്ചത്.

സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ കർശനമായ പൊലീസ് വലയത്തിലാണെങ്കിലും ഗൃഹ നിരീക്ഷണത്തിൽ പലപ്പോഴും കാര്യങ്ങൾ കൈവിട്ട് പോവുകയാണ്. ഗ്രാമ മേഖലകളിൽ ഉൾപ്പെടെ ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളുടെ സമീപത്ത് പൊലീസ് നിരന്തര ബൈക്ക് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും പലരും വീടുകളിലിരിക്കുന്നില്ല. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കൊവിഡ് പരിശോധന നടത്താൻ നിലവിൽ സൗകര്യമില്ല. രോഗം സ്ഥിരീകരിച്ച് 80 ശതമാനം പേർക്കും രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ പുറത്ത് നിന്ന് നരുന്നവർ ഗൃഹ നിരീക്ഷണം ലംഘിക്കുന്നത് ആരോഗ്യ വകുപ്പിനെ വലയ്ക്കുകയാണ്.

 ബന്ധം വഷളാക്കാനില്ല, അയൽക്കാർ മിണ്ടുന്നില്ല

പൊലീസ്, ആരോഗ്യ വകുപ്പ് സംവിധാനങ്ങളേക്കാൾ അയൽവാസികൾക്കാണ് ഗൃഹനിരീക്ഷണത്തിൽ ഉള്ളവരെ കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്നത്. പക്ഷേ നല്ല അയൽ ബന്ധങ്ങൾ വഷളാക്കാൻ ആഗ്രഹിക്കാത്തതിനാൽ വേലിക്കപ്പുറത്ത് നിരീക്ഷണം ലംഘിക്കുന്ന കാര്യം പലരും അറിയിക്കാറില്ല. പലരും പുറത്ത് പോകുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നുണ്ടെങ്കിലും കൃത്യമായ തെളിവുകൾ കിട്ടുന്നില്ല

 ബന്ധം പുതുക്കാൻ എത്തുന്നവരും ഏറെ

ലോക്ക് ഡൗൺ ദുരിതം കടന്ന് എത്തിയവരെ കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും എത്തുന്നത് എല്ലാ പ്രതിരോധ പ്രവർത്തനങ്ങളെയും തകിടം മറിയ്ക്കുന്ന തരത്തിലാണ്. ജില്ലയുടെ വടക്കേ അതിർത്തിയിൽ ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ സുഹൃത്തുക്കൾക്കൊപ്പം ബൈക്ക് യാത്രയ്ക്ക് പുറത്ത് പോയ യുവാവിനെ പൊലീസ് പിടികൂടി നിരീക്ഷണ കേന്ദ്രത്തിലാക്കിയിരുന്നു.

1. കൊവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ ഗൃഹ നിരീക്ഷണം അവഗണിക്കാൻ പാടില്ല

2. രോഗമുള്ള പലർക്കും ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ല

3. ചക്ക വീണ് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചയാൾക്ക് പരിശോധന നടത്തിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരുന്നു

4. പുറത്തിറങ്ങുന്നവർ നിർബന്ധിത സാമൂഹിക അകലം ഉറപ്പുവരുത്തുക

5. ഗൃഹ നിരീക്ഷണമെന്നാൽ വീട്ടുകാരുമായി പോലും സമ്പർക്കം ഉണ്ടാക്കാതെ മുറിയിൽ ഏകാന്തമായി ഇരിക്കുക തന്നെയാണ്

6. ഗൃഹ നിരീക്ഷണം ലംഘിക്കുന്നവർക്കെതിരെ കേസെടുത്ത് സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

7. ഗൃഹ നിരീക്ഷണം ലംഘിക്കുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾ പൊലീസിന് കൈമാറണം

.........................

സർക്കാർ നിരീക്ഷണ കേന്ദ്രങ്ങൾ പൊലീസ് വലയത്തിലാണ്. ഗൃഹ നിരീക്ഷണത്തിൽസകഴിയുന്നവർ പുറത്ത് പോകുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ബൈക്ക് പട്രോളിംഗ് ശക്തമാക്കി.

ടി.നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ.

......

സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലുള്ളവർ‌: 1168

വിദേശത്ത് നിന്ന് വന്നവർ : 391

അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ : 777