കൊല്ലം: 'ചന്ദന മണി വാതിൽ പാതി ചാരി, ഹിന്ദോളം കണ്ണിൽ തിരയിളക്കി ..."
ജി.വേണുഗോപാലിന്റെ ആലാപന സൗന്ദര്യത്തിനൊപ്പം ആയിരങ്ങളുടെ കണ്ണിലും മനസിലും ആനന്ദത്തിന്റെ തിരയിളക്കിയ ആ നൃത്ത ചുവടുകൾ രണ്ടാം ക്ലാസുകാരി മയൂഖയുടേതാണ്. ലോക നൃത്ത ദിനത്തിൽ മയൂഖ ചിട്ടപ്പെടുത്തിയ നൃത്തത്തിന്റെ വീഡിയോ ആയിരങ്ങളാണ് നവമാധ്യമങ്ങളിലൂടെ കണ്ടത്. ഒടുവിൽ ജി.വേണുഗോപാലും ഇത് കണ്ടതോടെ മയൂഖയെ തേടി അഭിനന്ദന വിളിയെത്തി. 'മലരുതിരുന്നത് പോലെ അയത്നമായി കളിക്കുന്നു, നല്ലൊരു ഭാവിയുണ്ട്". വേണുഗോപാൽ ഫേസ് ബുക്കിൽ മയൂഖയെ അടയാളപ്പെടുത്തിയത് ഇങ്ങനെയാണ്. തേലവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥിനിയായ പോരുവഴി ശാസ്‌താംനട മയൂഖത്തിൽ മയൂഖ എം.കുറുപ്പ് കഴിഞ്ഞ രണ്ട് വർഷമായി ഭരതനാട്യം അഭ്യസിക്കുന്നുണ്ട്. സ്‌കൂൾ പഠനത്തിനിടെ പലപ്പോഴും നൃത്ത പഠനം മുടങ്ങിയപ്പോൾ ചുവടുകളുടെ താളബോധം അവൾക്കൊപ്പം ചേർത്ത് നിറുത്തിയത് ടിക് ടോക് വീഡിയോകളാണ്. 30 സെക്കന്റ് ദൈർഘ്യമുള്ള ഗാനങ്ങൾക്കായി മയൂഖ ചുവടുകൾ ചിട്ടപ്പെടുത്തി. അച്ഛൻ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ മനു വി.കുറുപ്പിന്റെ വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളിലൂടെ മയൂഖയുടെ നൃത്തം ആളുകൾ കണ്ട് തുടങ്ങി. നൃത്തത്തെ മുപ്പത് സെക്കന്റിലൊതുക്കാതെ പൂർണ്ണമാക്കണമെന്നാവശ്യപ്പെട്ടത് കാഴ്‌ചക്കാരാണ്. അങ്ങനെ ലോക്ക് ഡൗൺ കാലത്ത് ശിവതാണ്ഡവം പഠിച്ച് അവതരിപ്പിച്ചു. യൂ ട്യൂബിൽ നിന്നാണ് ഓരോ ചുവടുകളും മയൂഖ ഹൃദിസ്ഥമാക്കിയത്. ഇതിനകം ചെയ്‌ത പതിനഞ്ചിലേറെ നൃത്ത വീഡിയോകൾ ആയിരങ്ങളാണ് കണ്ടത്. മയൂഖയുടെ നൃത്തം കണ്ട് നൃത്ത അദ്ധ്യാപികമാർ പലരും വിളിച്ച് നിർദ്ദേശങ്ങൾ നൽകി. പഠനത്തിനൊപ്പം നൃത്തത്തെയും ചേർത്ത് പിടിച്ച് മുന്നോട്ട് പോകാനാണ് അവൾക്കിഷ്ടം. നൃത്തത്തിന്റെ വഴിയിലൂടെ മകളെ കൈപിടിച്ച് നടത്താനാണ് അച്ഛനും ബാങ്ക് ജീവനക്കാരായിയ അമ്മ അനുവിനും ഇഷ്‌ടം.