കൊല്ലം: മണ്ണും മനുഷ്യനും തമ്മിലുള്ള അവസാനിക്കാത്ത ജൈവബന്ധത്തെ മൺ ശിൽപ്പങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ് ഫൈനാർട്സ് വിദ്യാർത്ഥിയായ മൈനാഗപ്പള്ളി സ്വദേശി മനീഷ് ഭാസ്‌കർ. കലയോടുള്ള അടങ്ങാത്ത അഭിനിവേശത്താലാണ് സംസ്‌കൃത ബിരുദധാരിയായ മനീഷ് തുടർ പഠനത്തിന് മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഒഫ് ഫൈനാർട്സ് തിരഞ്ഞെടുത്തത്.
പഠനത്തിന്റെ നാല് വർഷങ്ങൾ മനീഷിന്റെ ആശയങ്ങൾക്ക് പുതിയ വഴികൾ നൽകി. വഴിവിളക്ക് പോലെ തെളിഞ്ഞുനിന്ന പ്രതിഭ കൂടിയായപ്പോൾ കൈ തൊടുന്നതെല്ലാം ശിൽപ്പ സൗന്ദര്യങ്ങളായി. ലോക്ക് ഡൗൺ കാലത്ത് അയൽ വീട്ടിലെ കിണർ കുഴിച്ചപ്പോൾ കിട്ടിയ ചെളിയുമായി വീടിനുള്ളിൽ കയറിയ മനീഷ് മനുഷ്യനും അവന്റെ ചുറ്റപാടുകളും തമ്മിലുള്ള ബന്ധങ്ങളെയാണ് ശിൽപ്പങ്ങളിലേക്ക് പകർത്തിയത്. പ്രകൃതിയുടെ മാതൃ സങ്കൽപ്പങ്ങൾക്കൊപ്പം ചേർന്നുനിൽക്കാനുള്ള ആഗ്രഹം എക്കാലവും മനുഷ്യനുണ്ടെന്ന് ഓർമ്മപ്പെടുത്തുകയാണ് മനീഷിന്റെ കൃതികളൊക്കെയും. ലോക്ക് ഡൗണിന് ശേഷം ശിൽപ്പങ്ങളെല്ലാം ടെറാക്കോട്ട ശൈലിയിൽ ചുട്ടെടുക്കും. തുടർന്ന് ഇവയെല്ലാം ജനങ്ങളെ പരിചയപ്പെുത്താൻ നാട്ടിലും പുറത്തും പ്രദർശനങ്ങൾ സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഈ യുവാവ്. ശിൽപ്പ നിർമ്മാണത്തിനൊപ്പം ചുവർ ചിത്രങ്ങളിലും മനീഷ് മികവിന് നിറം നൽകിയിട്ടുണ്ട്. പഠനകാലത്ത് മാത്രമല്ല ജീവിതത്തിലും കലയും ശിൽപ്പങ്ങളും ചേർത്ത് നിറുത്താനാണ് മനീഷ് ആഗ്രഹിക്കുന്നത്.