amala-girishan

ചെമ്പരത്തി സീരിയലിലെ കല്യാണിയുടെ കല്യാണം കാത്തിരിക്കുന്ന ഒരുപാട് കുടുംബപ്രേക്ഷകരുണ്ട്. എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത് എല്ലാവരേയും ഞെട്ടിച്ച് കല്യാണി വിവാഹിതയായി. സീരിയലിലല്ല,​ ജീവിതത്തിലാണെന്നുമാത്രം. ചെമ്പരത്തി സീരിയലിലൂടെ മലയാളികളുടെ മനംകവർന്ന സീരിയൽ താരം അമലാ ഗിരീശനാണ് വിവാഹിതയായത്. ഇൻസ്റ്റഗ്രാമിലൂടെ താരം ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടു. ദീർഘനാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹം.ഫ്രീലാൻസ് കാമറമാൻ ആയ പ്രഭു ആണ് അമലയുടെ ഭർത്താവ്.

സീരിയൽ മേഖലയിൽ കുറച്ചുകാലം പ്രഭു പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയാണ് എങ്കിലും പ്രഭുവിന് നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മയും മലയാളിയാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത് എന്നും അമല പറയുന്നു.

കോഴിക്കോടാണ് അമലയുടെ നാടെങ്കിലും വളർന്നതെല്ലാം തിരുവനന്തപുരത്താണ്. അച്ഛൻ ഗിരീശകുമാറും അമ്മ സലിജയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. സ്പർശമാണ് അമലയുടെ ആദ്യ സീരിയൽ .അഭിനയത്തെപ്പോലെതന്നെ നൃത്തത്തെയും കളരിയെയും സ്നേഹിക്കുന്ന അമല വളരെ യാദൃച്ഛികമായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ബി. ടെക് കഴിഞ്ഞാണ് അഭിനയരംഗത്ത് സജീവമായത്. അഞ്ച് വർഷം മുൻപ് സ്റ്റാർ വാർ യൂത്ത് കാർണിവെൽ എന്ന പ്രോഗ്രാമിൽ പങ്കെടുക്കാനായതാണ് അഭിനയ ജീവിതത്തിലേക്കുളള വരവിന് കാരണം. ഇനിയും അഭിനയലോകത്ത് ഉണ്ടാകും എന്നും അമല പറയുന്നു.