കൊല്ലം: ഉത്രയെ കൊലപ്പെടുത്താൻ സൂരജ് ഉപയോഗിച്ച മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം തുടങ്ങി. ഉത്രയുടെ കുടുംബ വീടായ അഞ്ചൽ ഏറം വിഷുവെള്ളശേരിൽ വീട്ടുവളപ്പിൽത്തന്നെയാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. രാവിലെ 11 മണിയോടെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകനും സംഘവും ഇവിടെ എത്തിയിരുന്നു. തൊട്ടുപിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരും പോസ്റ്റുമോർട്ടം നടത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുമെത്തി. മണ്ണ് മാന്തി മൂർഖൻ പാമ്പിന്റെ ജഡം പുറത്തെടുത്തു. പ്രത്യേകം തയ്യാറാക്കിയ ടേബിളിലാണ് പോസ്റ്റുമോർട്ടം നടന്നുകൊണ്ടിരിക്കുന്നത്. ചീഫ് വെറ്ററിനറി സർജൻ ഡോ.കിഷോർ, മൗണ്ട് പൊലീസ് സർജൻ ഡോ.ലോറൻസ്, തിരുവനന്തപുരം മൃഗശാലയിലെ സർജൻ ഡോ.ജേക്കബ്ബ് അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടത്തുന്നത്.
കൊലപാതക കേസുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ ആദ്യമാകും പാമ്പിനെ പോസ്റ്റുമോർട്ടം ചെയ്യുന്നത്. 6ന് രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോഴാണ് ഭർത്താവ് സൂരജ് പ്ളാസ്റ്റിക് ടപ്പയിൽ നിന്നും മൂർഖനെ തുറന്നുവിട്ട് ഉത്രയെ കൊത്തിച്ചത്. കേസ് അന്വേഷണത്തിൽ സുപ്രധാന തെളിവുകളിലാെന്നാകും പാമ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്.