photo
കുണ്ടറ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ ടെമ്പറേച്ചർ നോക്കുന്നു

കൊല്ലം: അനിശ്ചിതത്വം നീങ്ങി എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചു തുടങ്ങി, രണ്ട് മണിയ്ക്കാണ് പരീക്ഷ തുടങ്ങുക. ലോക്ക് ഡൗൺ മൂലം മാറ്റിവച്ച ശേഷിക്കുന്ന പരീക്ഷയെഴുതാൻ വലിയ തയ്യാറെടുപ്പുകളോടെയാണ് വിദ്യാർത്ഥികളെത്തിയത്. കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുംവിധം മാർക്ക് ചെയ്ത സ്ഥലത്ത് കുട്ടികളെ നിർത്തിയശേഷം സാനിറ്റൈസർ കൊണ്ട് കൈകൾ ശുദ്ധീകരിച്ച് തെർമൽ മാസ്ക്കുകൾ ഉണ്ടോയെന്ന് പരിശോധിക്കും. ഇതിന് ശേഷം തെർമൽ സ്കാനർ ഉപയോഗിച്ച് ടെമ്പറേച്ചർ ടെസ്റ്റ് ചെയ്തശേഷമാണ് പരീക്ഷാ ഹാളുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. ടെമ്പറേച്ചർ കൂടുതലുള്ളവരെ പ്രത്യേകമായി സജ്ജീകരിച്ച ഹാളിലോ മുറിയിലോ ഇരുത്തിയാണ് പരീക്ഷ എഴുതിയ്ക്കുക.

കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നേരത്തേതന്നെ പൂർത്തിയാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷാ സെന്ററുകളിലേക്ക് എത്തുന്നതിന് യാത്രാ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം. വാഹനം ലഭിക്കാത്ത മേഖലകളിൽ പൊലീസും സ്കൂൾ അധികൃതരും സന്നദ്ധ സംഘടനകളുമൊക്കെ യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.