കൊല്ലം: എ.എസ്.ഐ ആയിരുന്ന ബാബുകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡിവൈ.എസ്. പി സന്തോഷ് നായർ, കണ്ടെയ്‌നർ സന്തോഷ്, ഗുണ്ടാ നേതാവ് ജിണ്ട അനി അടക്കമുളളവരെ സി.ബി.ഐ കോടതി ശിക്ഷിച്ചത് പൊലീസ്- ഗുണ്ട- ക്വട്ടേഷൻ ബന്ധത്തിനേറ്റ കനത്ത തിരിച്ചടിയായി. നിയമവിരുദ്ധ പ്രവർത്തനങ്ങളെ കാക്കി കൊണ്ട് എക്കാലവും മറയ്ക്കാനും ഒതുക്കാനും കഴിയില്ലെന്ന പാഠം കൂടിയാണിത്. വലിയ സ്വാധീനവും രാഷ്ട്രീയ- പൊലീസ് ബന്ധങ്ങളും തഴച്ചു വളർന്നത് കൊല്ലത്തെ അഴിമതിയുടെ വളക്കൂറുളള മണ്ണിലാണ്.
കൊല്ലത്ത് രൂപപ്പെട്ട ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും ഗുണ്ടകളും അടങ്ങുന്ന അവിഹിത സഖ്യത്തിന്റെ മാഫിയ പ്രവർത്തനങ്ങൾ പുറംലോകം അറിയുന്നത് എ.എസ്.ഐ ബാബുകുമാറിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെയാണ്. പൊലീസ് ഉദ്യോഗസ്ഥരും ഗുണ്ടകളും അടങ്ങുന്ന സംഘം ബിനാമി പേരുകളിൽ വസ്തുക്കൾ വാങ്ങിക്കൂട്ടി. കേസുകൾ സ്റ്റേഷന് പുറത്ത് ഒത്തുതീർപ്പാക്കി പതിനായിരങ്ങൾ കൈക്കൂലി വാങ്ങി. റിയൽ എസ്റ്റേറ്റ് ദല്ലാളന്മാരായി മാറി. എതിർത്ത പല പൊലീസുകാരെയും അകാരണമായി അച്ചടക്ക നടപടികൾക്ക് വിധേയരാക്കി. കേസിലെ മുഖ്യപ്രതി റെക്കോർഡ് ചെയ്ത് സൂക്ഷിച്ച ഫോൺ സംഭാഷണങ്ങളാണ് കോടതിയിൽ സന്തോഷ് നായർക്കെതിരായ പ്രധാന തെളിവായി മാറിയത്.
ബാബുകുമാർ വധശ്രമത്തിന് പിന്നാലെ ഗുണ്ടകൾക്ക് നേരെ പൊലീസിന്റെ ശക്തമായ നടപടി ഉണ്ടായി. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും കൊല്ലത്ത് പിന്നീട് ഒറ്റപ്പെട്ട സംഭവമായി മാറി. 2011ൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സന്തോഷ് നായർ തിരികെ പ്രവേശിക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും വീണ്ടും കാക്കി അണിയാമെന്ന സ്വപ്നം സഫലമാകാതെയാണ് അദ്ദേഹം അഴിക്കുള്ളിലേക്ക് പോകുന്നത്.