photo
പുനർനിർമ്മിച്ച മണ്ഡപം

കൊട്ടാരക്കര: നൂറ്റാണ്ടുകളുടെ ശേഷിപ്പും കുളക്കടയുടെ മുഖശ്രീയുമായിരുന്ന മണ്ഡപം ഒടുവിൽ പുനർജനിച്ചു. എം.സി റോഡിന്റെ അരികിലായുള്ള മണ്ഡപത്തിന്റെ നിർമ്മാണം പൂർത്തീകരണത്തിലേക്കെത്തി. അത്യാവശ്യ മിനുക്കുപണികളാണ് ഇനി അവശേഷിക്കുന്നത്. നേരത്തേ ഉണ്ടായിരുന്ന മണ്ഡപം പൊളിച്ച് നീക്കിയ ശേഷം അതിന്റെ താെട്ടുപിന്നിലായിട്ടാണ് അതേ മാതൃകയിൽത്തന്നെ പുതിയ മണ്ഡപം നിർമ്മിച്ചത്. പഴയ മേൽക്കൂരതന്നെ അറ്റകുറ്റപ്പണി നടത്തി പുതിയതിനായി ഉപയോഗപ്പെടുത്തിയപ്പോൾ പഴമയുടെ പകിട്ട് കൈവന്നു. തൂണുകളും പഴയതുതന്നെയാണെടുത്തത്. ദിവസങ്ങൾക്കകം മണ്ഡപം നാടിന് സമർപ്പിക്കും. അതോടെ പഴയപോലെ വലിപ്പച്ചെറുപ്പമില്ലാതെ നാട്ടുകാർക്കും വഴിയാത്രക്കാർക്കുമുള്ള വിശ്രമ കേന്ദ്രമായി ഇവിടം മാറും.

........പഴയ മണ്ഡപം പൊളിച്ചത് സുരക്ഷാ ഇടനാഴി നിർമ്മിക്കാൻ........

കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ എം.സി റോഡിൽ സുരക്ഷാ ഇടനാഴി നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് പഴയ മണ്ഡപവും അതിനോട് ചേർന്നുള്ള കിണറും നീക്കം ചെയ്തത്. മണ്ഡപം പൊളിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നതോടെ പുനർ നിർമ്മിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. ഇതിന് വേണ്ട തുക കുളക്കട ഗ്രാമ പഞ്ചായത്തിന് അന്നുതന്നെ കൈമാറി. നാടിന്റെ വികസനത്തിന് മണ്ഡപം പൊളിക്കേണ്ടതിന്റെ ആവശ്യം പൊതുജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടതോടെ പുനർ നിർമ്മിക്കുമെന്ന ഉറപ്പിൽ എതിർപ്പുകൾ അയഞ്ഞ് ഇല്ലാതായി. പിന്നീടാണ് മണ്ഡപം പൊളിച്ചുനീക്കിയത്. റോഡിന്റെ വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കി. അതിനൊപ്പംതന്നെ പുതിയ മണ്ഡപത്തിന്റെ നിർമ്മാണവും തുടങ്ങിയിരുന്നു. കിണർ പുതിയത് നിർമ്മിക്കുന്നതിന് പകരം കുഴൽക്കിണർ മതിയെന്നാണ് ഇപ്പോൾ തീരുമാനം. പൊതുജനങ്ങൾക്ക് വെള്ളമെടുക്കാനായി ടാപ്പും സ്ഥാപിക്കും.

ഓർമ്മകളുടെ മണ്ഡപം

കുളക്കടയിലെ പഴയ മണ്ഡപത്തിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. പണ്ട് നാട്ടുകൂട്ടം നടന്നിരുന്നത് ഈ മണ്ഡപത്തിലാണ്. രാജഭരണത്തിന്റെയും നീതി നടത്തിപ്പിന്റെയും ഏറെ കഥകളും മണ്ഡപവുമായി ബന്ധപ്പെടുത്തി പഴമക്കാർ പറയാറുണ്ട്. മണ്ണടി, കുളക്കട ക്ഷേത്രങ്ങളിലെ ഉത്സവ എഴുന്നള്ളത്ത് വേളകളിൽ ഈ കളിത്തട്ടിൽ വിശേഷാൽ പൂജകളും മറ്റും നടന്നിരുന്നു.

.......മേൽക്കൂര പഴയതുതന്നെ.......

പഴയ മേൽക്കൂരതന്നെ അറ്റകുറ്റപ്പണി നടത്തി പുതിയതിനായി ഉപയോഗപ്പെടുത്തിയപ്പോൾ പഴമയുടെ പകിട്ട് കൈവന്നു. തൂണുകളും പഴയതുതന്നെയാണെടുത്തത്. ദിവസങ്ങൾക്കകം മണ്ഡപം നാടിന് സമർപ്പിക്കും.