ranveer

ബോളിവുഡിന്റെ താരജോഡികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. പ്രണയകാലത്ത് ദീപികയെ ആകര്‍ഷിക്കാന്‍ താന്‍ പലതും ചെയ്തിട്ടുണ്ടെന്നാണ് രണ്‍വീര്‍ വെളിപ്പെടുത്തുന്നത്. ദീപികയ്ക്ക് പൂക്കള്‍ ഇഷ്ടമായിരുന്നുവെന്നും, ഓരോ തവണയും ദീപികയെ കാണുമ്പോള്‍ താന്‍ പൂക്കള്‍ നല്‍കാറുണ്ടായിരുന്നെന്നും ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രണ്‍വീര്‍ പറയുന്നു.

"അവളുമായി അടുത്ത്, ആറ് മാസമായപ്പോഴേയ്ക്കും ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് മനസു പറയുന്നുണ്ടായിരുന്നു. അവള്‍ക്ക് പൂക്കള്‍, പ്രത്യേകിച്ച്‌ ലില്ലിപ്പൂക്കള്‍ ഏറെ ഇഷ്ടമാണെന്ന് എനിക്ക് അറിയാമായിരുന്നു. അവള്‍ ജീവിതകാലം മുഴുവന്‍ എന്റേതായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ പ്രവൃത്തികള്‍ അവളെ ആകര്‍ഷിക്കുന്നതാക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതിനാല്‍, ഓരോ തവണയും അവള്‍ വരുമ്പോള്‍ ഞാന്‍ പൂക്കള്‍ നല്‍കുമായിരുന്നു. അവള്‍ മറ്റെവിടെയെങ്കിലും ഷൂട്ടിങ്ങിലാണെങ്കില്‍ ഞാന്‍ അവിടേയ്ക്ക് യാത്ര പ്ളാൻ ചെയ്യുമായിരുന്നു. എന്റെ പിതാവ് ഒരിക്കല്‍ എന്നോട് ചോദിച്ചു, 'പൂക്കള്‍ വാങ്ങാന്‍ എത്ര പണം നീ ചെലവഴിക്കുന്നുണ്ടെന്ന് അറിയാമോ?'" രണ്‍വീര്‍ പറഞ്ഞു.

ദീപിക തനിക്ക് മികച്ച വഴികാട്ടിയാണെന്നും തന്നെ താങ്ങി നിര്‍ത്തുന്ന തൂണാണെന്നും രണ്‍വീര്‍ പറഞ്ഞു. ദീപിക ഇല്ലായിരുന്നെങ്കില്‍ ഈ നേട്ടങ്ങളൊന്നും തന്റെ ജീവിതത്തില്‍ ഉണ്ടാകുമായിരുന്നില്ല. സിനിമയില്‍ ഇത് തന്റെ പത്താം വര്‍ഷമാണെന്നും, അഭിനയം തുടങ്ങി മൂന്നാം വര്‍ഷമാണ് ദീപികയെ പരിചയപ്പെട്ടതെന്നും, അതിന് ശേഷം ദീപിക തന്നോടൊപ്പം ഉണ്ടായിരുന്നെന്നും രണ്‍വീര്‍ പറഞ്ഞു.

"അവളില്ലായിരുന്നെങ്കില്‍ ഒരു സിനിമാതാരം എന്ന നിലയിലുള്ള സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ എനിക്ക് കഴിയുമായിരുന്നില്ല. എനിക്ക് എന്നെ നഷ്ടപ്പെടുമായിരുന്നു. കഥാപാത്രത്തിന് ആഗ്രഹിച്ച ഫലം ലഭിക്കാന്‍ ഞാന്‍ ഏതറ്റം വരെയും പോകുമെന്നത് അവള്‍ കാണുന്നുണ്ട്. അത് മാത്രമാണ് അവളെ വിഷമിപ്പിക്കുന്നത്."

രണ്‍‌വീറും ദീപികയും മൂന്ന് സിനിമകളില്‍ ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്. 'ഗോലിയോന്‍ കി രാസ്‌ലീല റാം-ലീല', 'ബാജിറാവു മസ്താനി', 'പദ്മാവത്' എന്നീ സിനിമകളിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയ ജോഡികളായി മാറിയത്. രണ്ട് അഭിനേതാക്കളുടെയും പ്രകടനം നിര്‍വചിക്കുന്ന ചില സിനിമകള്‍ കൂടിയായിരുന്നു ഇവ.ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുങ്ങിയതും ആദ്യ ചിത്രമായ റാംലീല മുതലായിരുന്നു. ആറു വര്‍ഷം പ്രണയിച്ചശേഷമാണ് ഇരുവരും വിവാഹിതരായത്.