കൊല്ലം: കൊവിഡ് വ്യാപന ഭീതിയിൽ മാർച്ചിൽ നിറുത്തിവെച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഇന്നലെ പുനരാരംഭിച്ചപ്പോൾ നീണ്ട അവധിക്ക് ശേഷം പരസ്‌പരം കാണാനായതിന്റെ ആഹ്ലാദമായിരുന്നു കുട്ടികൾക്ക്. കാത്തിരുന്ന പരീക്ഷകൾ എഴുതാനായതിന്റെ സന്തോഷം ചിലർ പങ്കുവച്ചപ്പോൾ കൊവിഡിന്റെ ആശങ്ക മറച്ചുവയ്ക്കാതിരുന്നവരും ഏറെയാണ്.
ജില്ലയിലെ 232 പരീക്ഷാ കേന്ദ്രങ്ങളിലായി 96,640 കുട്ടികൾക്കാണ് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിയത്. ജില്ലയിലെ 81 കുട്ടികൾ മറ്റ് ജില്ലകളിലും ജില്ലയ്ക്ക് പുറത്തുള്ള സ്കൂളുകളിലെ 69 കുട്ടികൾ ഇവിടുത്തെ കേന്ദ്രങ്ങളിലുമാണ് പരീക്ഷ എഴുതിയത്. ഫയർഫോഴ്‌സിന്റെ സഹായത്തോടെ കേന്ദ്രങ്ങൾ അണുവിമുക്തമാക്കിയിരുന്നു.
സുരക്ഷാ മുൻ കരുതലുകളുടെ ഭാഗമായി ഹാന്റ് വാഷ്, സാനിറ്റൈസർ, തെർമൽ സ്‌കാനർ മുതലായവ എല്ലായിടത്തും ഒരുക്കിയിരുന്നു. മാസ്ക് ധരിച്ചാണ് കുട്ടികളെല്ലാവരും എത്തിയത്. യാത്രാ സൗകര്യം ഇല്ലാത്തവർക്കായി തദ്ദേശസ്ഥാപനങ്ങൾ, വിവിധ സംഘടനകൾ എന്നിവർ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.
സാമൂഹിക അകലം പാളി
പരീക്ഷകൾ കഴിഞ്ഞുള്ള മടക്കയാത്രയിൽ പലപ്പോഴും സാമൂഹിക അകലം ഉറപ്പാക്കാനായില്ല. ഏറെ നാൾ കഴിഞ്ഞ കണ്ടതിന്റെ സന്തോഷത്തിൽ കെട്ടിപിടിച്ചും കൈകൊടുത്തും കൂട്ടംകൂടിയുമാണ് പലയിടത്തും സ്കൂൾ ഗേറ്റ് കടന്ന് കുട്ടികൾ പോയത്.
ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങൾ: 232
പരീക്ഷ എഴുതിയവർ:96,640
എസ്.എസ്.എൽ.സി: 30,450 കുട്ടികൾ
എച്ച്.എസ്.എസ്: 58,096 കുട്ടികൾ
വി.എച്ച്.എസ്.ഇ: 8,094 കുട്ടികൾ
.........................................
ഇത് അവഗണിക്കരുതേ...
1. കൈകൾ വൃത്തിയാക്കുക. ഹാളിന് അകത്തും പുറത്തും മാസ്ക് ധരിക്കുക. മാസ്കിന്റെ മുൻഭാഗത്ത് തൊടരുത്
2. അനുവദിച്ച ഇരിപ്പിടത്തിൽ മാത്രം ഇരിക്കുക. മറ്റുള്ളവരുടെ ഇരിപ്പിടത്തിൽ തൊടാൻ പാടില്ല. അനാവശ്യമായി സ്കൂളിന്റെ ഭിത്തി, ജനൽ കമ്പികൾ, വാതിലുകൾ എന്നിവിടങ്ങളിൽ തൊടരുത്
3. പേന ഉൾപ്പെടെയുള്ളവ കയ്യിൽ കരുതണം. മറ്റൊരാളിൽ നിന്ന് വാങ്ങി ഉപയോഗിക്കരുത്
4. വെള്ളം കുടിക്കുന്ന ഗ്ലാസ്, കുപ്പി എന്നിവ പങ്കിടരുത്
5. പരീക്ഷ കഴിഞ്ഞ് ഉടൻ പരീക്ഷാ കേന്ദ്രം വിട്ടുപോവുക. വീടുകളിലേക്ക് മാത്രം മടങ്ങുക അനാവശ്യ യാത്രകൾ നടത്തരുത്
6. തിരികെ എത്തിയാലുടൻ കുളിക്കുക. വസ്ത്രങ്ങൾ സോപ്പും ഡെറ്റോളും കലർന്ന വെള്ളത്തിൽ മുക്കി അരമണിക്കൂറിൽ കൂടുതൽവച്ച ശേഷം കഴുകുക.