കൊല്ലം: ഒരു മാസത്തിനിടയിൽ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി ഉയർന്നു. ജില്ലയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച മാർച്ച് 28 മുതൽ ഏപ്രിൽ 28 വരെ 13 രോഗികൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടുള്ള ഒരുമാസത്തിനിടയിൽ 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രവാസികളും അന്യസംസ്ഥാനക്കാരും മടങ്ങിയെത്തിയതോടെയാണ് ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന് തുടങ്ങിയത്.
കഴിഞ്ഞ ഒരുമാസത്തിനിടയിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം പടർന്നത്. ബാക്കി 26 പേരും വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയവരാണ്. അന്യനാടുകളിൽ നിന്ന് മടങ്ങിയെത്തി സർക്കാർ ക്വാറന്റൈനിലും ഗൃഹനിരീക്ഷണത്തിലും കഴിയുന്നവരെ ആരോഗ്യവകുപ്പും പൊലീസും കർശനമായി പിന്തുടരുന്നതിനാൽ രോഗം സ്ഥിരീകരിച്ചവരിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന സാഹചര്യം ഉണ്ടായില്ല.
കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിലും കുറവുണ്ട്. 18 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ മൂന്നുപേർ മാത്രമാണ് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ രോഗമുക്തരായത്. ഈമാസം 14ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജില്ലയിലെ കോവിഡ് ബാധിതരെല്ലാം രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ എണ്ണവും കുത്തനെ ഇടിഞ്ഞു. പിന്നീടാണ് അന്യദേശങ്ങളിൽ നിന്നെത്തിയവരിൽ രോഗം സ്ഥിരീകരിച്ച് തുടങ്ങിയത്. കൂടുതൽ പേർക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണവും ഉയരുകയാണ്.
ജില്ലയുടെ സ്ഥിതി ഇങ്ങനെ
1.ആകെ രോഗം ബാധിച്ചത് : 41 പേർക്ക്
2.ചികിത്സയിലുള്ളവർ: 18
3.രോഗമുക്തരായവർ: 23
4. മരണം: 0
ശ്രദ്ധിക്കണം ഈ കണക്കുകൾ
1. മാർച്ച് 28 മുതൽ ഏപ്രിൽ 28 വരെ 13 രോഗികൾ
2. പിന്നീടുള്ള ഒരു മാസത്തിൽ: 28 പേർ
3. അന്യദേശത്ത് നിന്നെത്തിയവർ: 26പേർ
4.സമ്പർക്കത്തിലൂടെ രോഗം: 2 പേർക്ക്
5.പത്ത് ദിവസത്തിനുള്ളിൽ രോഗം: 18 പേർക്ക്
6. രോഗമുക്തരായവർ: 3 പേർ മാത്രം