dysp

കൊല്ലം: എ.എസ്.ഐ ബാബു കുമാർ വധശ്രമക്കേസിൽ കഴിഞ്ഞ ദിവസം സി.ബി.ഐ കോടതി ശിക്ഷിച്ച ഡിവൈ.എസ്.പി സന്തോഷ് എം. നായരെ പിരിച്ചുവിടാൻ ആഭ്യന്തരവകുപ്പ് നടപടി തുടങ്ങി. ഒരു സർക്കാർ ജീവനക്കാരൻ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ അധികം വൈകാതെ നടപടി എടുക്കാറുണ്ട്. കോടതി വിധിപ്പകർപ്പ് പരിശോധിച്ച് വൈകാതെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

അസാധാരണമായ ക്രിമിനൽ കേസിലാണ് സന്തോഷ് നായരെ ആഭ്യന്തര വകുപ്പ് പെടുത്തിയിട്ടുളളത്. മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാവുന്ന അപൂർവം പൊലീസ് ഒാഫീസർമാരുടെ പട്ടികയിലാണ് ഇയാളുള്ളത്. ഹാപ്പി രാജേഷ് വധക്കേസ്, ബാബുകുമാർ വധശ്രമക്കേസ്, വി.ബി.ഉണ്ണിത്താൻ വധശ്രമക്കേസ് എന്നിവയാണവ. മൂന്നു കേസുകളിൽ പ്രതിയായി വന്നതിനാൽ ഇയാളെ പിരിച്ചുവിടാൻ നേരത്തെ മുൻ ഡി.ജി.പിമാർ ശുപാ‌ർശ ചെയ്തിരുന്നു.

സംസ്ഥാനത്ത് ക്രിമിനൽ കേസിൽ പ്രതികളായ പൊലീസുകാരുടെ പട്ടിക ഹെെക്കോടതി ആവശ്യപ്പെടുകയും അന്നത്തെ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് അത് മുദ്ര വച്ച കവറിൽ ഹെെക്കോടതിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ പട്ടികയിലെ ആദ്യഭാഗത്ത് സന്തോഷ് നായർ ഉണ്ടായിരുന്നു. ഇതുകൂടി പരിഗണിച്ചാണ്‌ സന്തോഷ് നായരെ പിരിച്ചുവിടാൻ അന്ന് ശ്രമങ്ങൾ നടന്നത്. എന്നാൽ ഒരു കേസിന്റെയെങ്കിലും വിധി വന്നിട്ടാകാം നടപടിയെന്ന് കഴിഞ്ഞ സ‌ർക്കാരിന്റെ കാലത്ത് തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ അത്തരത്തിൽ വിധി വന്നതിനെ തുടർന്നാണ് നടപടികൾ സജീവമായത്.

ബാബുകുമാർ വധശ്രമക്കേസിൽ 10 വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷിച്ചിട്ടുള്ളത്. വി.ബി.ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രധാന പ്രതികളിലൊരാളാണ് സന്തോഷ് നായർ. കേസ് നടപടികൾ തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ പുരോഗമിക്കുകയാണ്.