അഞ്ചൽ:സുരജ്-ഉത്ര ദമ്പതികളുടെ ഒരു വയസുളള മകൻ ധ്രുവിനെ ഇന്നലെ ഉച്ചയോടെ അഞ്ചൽ പൊലീസ് ഉത്രയുടെ വീട്ടിലെത്തിച്ച് മാതാപിതാക്കൾക്ക് കൈമാറി. വനിതാ കമ്മിഷന്റെയും ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും നിർദ്ദേശാനുസരണമായിരുന്നു കൈമാറ്റം.
ഉത്രയുടെ മരണശേഷമാണ് സൂരജ് കുട്ടിയെ അടൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയത്.കുട്ടിയെ വിട്ടുനൽകില്ലെന്ന് ഉത്രയുടെ മാതാപിതാക്കൾ അറിയിച്ചെങ്കിലും ജില്ലാ ശിശുക്ഷേമസമിതി ഇടപെട്ട് കുട്ടിയെ സൂരജിന് നൽകുകയായിരുന്നു.
പിന്നാലെ, ഉത്രയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതായി തെളിയുകയും ഇയാൾ അറസ്റ്റിലാവുകയും ചെയ്തതോടെയാണ് കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉത്രയുടെ മാതാപിതാക്കൾ വനിതാ കമ്മിഷനെ സമീപിച്ചത്. വനിതാ കമ്മിഷന്റെ ഇടപെടലിൽ കുട്ടിയെ വിട്ടുനൽകാൻ ജില്ലാ ശിശുക്ഷേമ സമിതി നിർദ്ദേശം നൽകുകയായിരുന്നു.