കൊല്ലം: കുഞ്ഞ് മോണകാട്ടിയുള്ള അവന്റെ ചിരിയും കളിയും കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. കാണാനെത്തിയ അയൽക്കാർ വിതുമ്പി, സ്ത്രീകൾ ഏങ്ങലടക്കാൻ പാടുപെട്ടു. കാണുന്നവർക്ക് വേദനയും കണ്ണീരുമാണെങ്കിലും അതൊന്നുമറിയാതെ ധ്രുവ് കുണുങ്ങിച്ചിരിക്കുകയാണ്. അഞ്ചൽ ഏറത്ത് പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടേയും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ സൂരജിന്റെയും ഒരുവയസുള്ള മകനാണ് ധ്രുവ്.
അപ്പൂപ്പൻ വിജയസേനന്റെയും അമ്മൂമ്മ മണിമേഖലയുടെയും കൈകളിൽ മാറിമാറി ഇരിക്കുമ്പോഴും അവന്റെ കണ്ണുകൾ ആരെയോ തേടുന്നുണ്ടായിരുന്നു. കൊഞ്ചലുകളും കുസൃതികളും കാണാൻ അമ്മ ഇനി ഒരിക്കലും വരില്ലെന്നോ അച്ഛൻ പൊലീസ് കസ്റ്റഡിയിലാണെന്നോ അറിയാതെ ധ്രുവ് വീട്ടിൽ വരുന്നവർക്കിടയിൽ അമ്മയെയും അച്ഛനെയും തെരഞ്ഞുകൊണ്ടേയിരുന്നു
അടൂർ പറക്കോടുള്ള സൂരജിന്റെ വീട്ടിൽ നിന്ന് ഇന്നലെയാണ് പൊലീസിന്റെ ഇടപെടലിലൂടെ ധ്രുവിനെ അമ്മയുടെ വീട്ടിലെത്തിച്ചത്. കുട്ടിയെ കണ്ടതോടെ അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും പകുതി സങ്കടം ഒഴിഞ്ഞപോലെ. അവർക്കിനി ധ്രുവിലൂടെ ഉത്രയെ കാണാമല്ലോ എന്ന ആശ്വാസമാണ്. അവന് ഉമ്മകൾ നൽകുമ്പോഴും മണിമേഖലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അപ്പൂപ്പനും സങ്കടം അടക്കാനാകുന്നില്ല.
ഇന്നലെ ഉത്രയുടെ മുറിയിലായിരുന്നു ധ്രുവ്. അമ്മൂമ്മയുടെ കൈയിലിരുന്നുകൊണ്ട് സ്വിച്ചുകൾ ഇടുകയും അണയ്ക്കുകയും ചെയ്ത് നിഷ്‌കളങ്കമായി അവൻ ചിരിച്ചു.