തൃശൂർ: ലോക് ഡൗണിൽ കുടുങ്ങിയ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ മന്ദിരത്തിന്റെ നിർമ്മാണം പുനരാരംഭിച്ചു, ഡിസംബറിന് മുൻപായി ഉത്ഘാടനത്തിന് സജ്ജമാകും. ഗുരുവായൂർ ദേവസ്വം വിട്ടുനൽകിയ 21 സെന്റ് ഭൂമിയിലാണ് പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നത്. മുൻപ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് നീക്കിയ ശേഷമാണ് ഇവിടെ ഹൈടെക് സംവിധാനങ്ങളുള്ള ബഹുനില മന്ദിരം നിർമ്മിക്കുക. 30 വർഷത്തേക്കാണ് ഭൂമി പ്രതിമാസം 30,000 രൂപ ലൈസൻസ് ഫീസ് നിശ്ചയിച്ച് ആഭ്യന്തര വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. അഞ്ച് നിലയ്ക്കാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നതെങ്കിലും ഒന്നാംഘട്ടത്തിൽ രണ്ട് നിലയാണ് പണിയുക. ഇതിനായി 3.36 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. സഹകരണ വകുപ്പിന് കീഴിലുള്ള തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സഹകരണ സംഘമാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. കഴിഞ്ഞ സെപ്തംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തുകയും വരുന്ന സെപ്തംബറിൽ ഉത്ഘാടനം നടത്താൻ ലക്ഷ്യമിട്ടിരുന്നതുമാണ്. അപ്രതീക്ഷിതമായി ലോക് ഡൗൺ എത്തിയതും തുടർന്നുള്ള മഴയും നിർമ്മാണത്തെ സാരമായി ബാധിച്ചു. അതുകൊണ്ടുതന്നെ നിർമ്മാണം പൂർത്തിയാകുവാൻ സമയമെടുക്കും. അടിസ്ഥാന ജോലികൾ പൂർത്തിയായതിനാൽ ഇനിയുള്ള നിർമ്മാണത്തിന് വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷ.
അത്യാധുനിക സംവിധാനങ്ങൾ
അസി.കമ്മീഷണർ, സി.ഐ, എസ്.ഐമാർ, 42 സിവിൽ പൊലീസ് ഓഫീസർമാർ, 45 സായുധ പൊലീസ് അംഗങ്ങൾ, 30 ക്വിക്ക് റാപ്പിഡ് ആക്ഷൻ ഫോഴ്സ് അംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ. കൺട്രോൾ റൂം, ക്രൈം ക്രിമിനൽ നെറ്റ് വർക്കിംഗ് ട്രാക്കിംഗ് സിസ്റ്റം, സി.സി.ടി.വി മോണിറ്ററിംഗ് റൂം, വയർലെസ് സംവിധാനം, മിനി കോൺഫറൻസ് ഹാൾ, പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വിശ്രമ സൗകര്യം, അഗ്നിശമന നിയന്ത്രണ സംവിധാനങ്ങൾ, മഴവെള്ള സംഭരണി എന്നിവയും പൊലീസ് സ്റ്റേഷന്റെ ഭാഗമായുണ്ടാകും. 24 മണിക്കൂറും നിരീക്ഷണത്തിനുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രവും പരിസര പ്രദേശങ്ങളും നഗരസഭയിലെ 15 വാർഡുകളും ടെമ്പിൾ പൊലീസിന്റെ പൂർണ നിയന്ത്രണത്തിലാകും. ഈ ഭാഗങ്ങളിലെ ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകളടക്കം ദിവസവും പരിശോധിക്കാനും നിരീക്ഷിക്കാനും സംവിധാനങ്ങളുണ്ട്.
1971ൽ തുടങ്ങി
1971 ജൂൺ 15ന് ആണ് ഗുരുവായൂർ പൊലീസ് സ്റ്റേഷൻ നിലവിൽ വന്നത്. അതുവരെ ചാവക്കാട് സ്റ്റേഷന്റെ ഔട്ട്പോസ്റ്റ് മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. 1986ൽ ഇവിടേക്ക് സർക്കിൾ ഇൻസ്പക്ടറെയും 2011ൽ അസി.കമ്മീഷണറെയും ഇവിടെ പോസ്റ്റ് ചെയ്തു. 2014 ആഗസ്റ്റ് 24ന് ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനെന്ന് പുന:നാമകരണം ചെയ്തു.
നിർമ്മാണം വേഗത്തിലാക്കും (എസ്.സുരേന്ദ്രൻ, ഡി.ഐ.ജി, തൃശൂർ മേഖല)
ഗുരുവായൂർ ക്ഷേത്രവും പരിസരവും ഉൾപ്പെടുന്ന സുപ്രധാന പൊലീസ് സ്റ്റേഷനാണ് ഇത്. ദിനവും പതിനായിരക്കണക്കിന് ഭക്തരെത്തുന്ന ആരാധനാ കേന്ദ്രമാണ് ഗുരുവായൂർ. അതുകൊണ്ടുതന്നെ ഇവിടുത്തെ സുരക്ഷയുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. പ്രധാനമന്ത്രിയടക്കമുള്ളവർ ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു. 24 മണിക്കൂറും സുസജ്ജമായ സുരക്ഷാ സംവിധാനങ്ങളോടെ അത്യാധുനിക പൊലീസ് സ്റ്റേഷനാണ് വിഭാവനം ചെയ്തിട്ടുള്ളത്. വരുന്ന സെപ്തംബറിൽ ഉത്ഘാടനം നടത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ലോക് ഡൗൺ അടക്കമുള്ളവ ബാധിച്ചു. ഈ വർഷം ഉത്ഘാടനം നടത്താനുള്ള ഊർജ്ജിത ശ്രമം നടത്തുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും.