കൊല്ലം: നഗരത്തിലെ തെരുവ് വിളക്ക് പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രിതല ചർച്ച നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നടക്കുന്ന ചർച്ചയിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, മേയർ, സെക്രട്ടറി എന്നിവർ പങ്കെടുക്കും.
ഇന്നലെ ചേർന്ന നഗരസഭാ യോഗത്തിലും ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചൂടേറിയ ചർച്ചകൾ നടന്നു. പദ്ധതിയെക്കുറിച്ചുള്ള കുപ്രചരണങ്ങൾക്കെതിരെ മുൻ മേയർ വി. രാജേന്ദ്രബാബു വികാരഭരതിനായി രംഗത്തെത്തി. നഗരസഭയുടെ നിലവിലെ ചെലവുകളുമായി താരതമ്യം ചെയ്യുമ്പോൾ തന്നെ കരാർ ലാഭകരമാണെന്നും സർക്കാർ തലത്തിൽ ചർച്ച നടത്തി നഗരസഭയ്ക്ക് ഗുണകരമാകുന്ന തരത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ കരാർ റദ്ദാക്കി പുതിയ കരാറിന് രൂപം നൽകണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എ.കെ. ഹഫീസ് ആവശ്യപ്പെട്ടു.
പദ്ധതി ലാഭകരം
തെരുവ് വിളക്ക് പരിപാലനത്തിന് നിലവിൽ നഗരസഭ ചെലവാക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ പദ്ധതി ലാഭകരമാണ്. വൈദ്യുതി ചാർജ്ജ്, പുതിയ വിളക്കുകൾ, സ്പെയർ പാർട്സ്, അറ്റകുറ്റപ്പണി എന്നിവയ്ക്കായി 44 ലക്ഷം രൂപയോളം പ്രതിമാസം ഇപ്പോൾ ചെലവിടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇന്റലിജന്റ് എൽ.ഇ.ഡി കരാർ വരുന്നതോടെ 36.5 ലക്ഷം രൂപയേ 23,700 തെരുവ് വിളക്കുകളുടെ പരിപാലനത്തിന് പ്രതിമാസം ചെലവാകു. വൈദ്യുതി ഉപഭോഗവും 75 ശതമാനം കുറയും.
നഗരത്തിലെ തെരുവ് വിളക്കുകൾ 23700
നിലവിലെ ചെലവ്: 44 ലക്ഷം രൂപ (പ്രതിമാസം)
ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതി നടപ്പിലാകുമ്പോൾ: 36.5 ലക്ഷം രൂപ
യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി
എം. മുകേഷ് എം.എൽ.എയുടെ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യധാന്യ കിറ്റുകൾ നഗരസഭയുടെ വാഹനത്തിൽ സി.പി.എം അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.