navas

ശാസ്താംകോട്ട: നാട്ടുകാരെ വലച്ച് ദേവസ്വം ബോർഡ് കോളേജ് പരിസരത്തും ശാസ്താംകോട്ട ടൗണിലും വാനരശല്യം രൂക്ഷം. ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനെ ചുറ്റിപ്പറ്റി കഴിഞ്ഞിരുന്ന കുരങ്ങുകളാണ് പുറത്തുചാടി ചന്തക്കുരങ്ങുകളായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. പുറത്തുപോയ കുരങ്ങുകളെ അമ്പല പരിസരത്ത് വസിക്കുന്ന കുരങ്ങുകൾ കൂട്ടത്തിൽ കൂട്ടാറില്ല. ഇങ്ങനെ പുറത്തുപോയവയാണ് ചന്തക്കുരങ്ങുകൾ എന്ന് അറിയപ്പെടുന്നത്.

ജനവാസ മേഖലയിലിറങ്ങുന്ന ഇവ കൃഷിയും വീട്ടുപകരണങ്ങളുമടക്കം നശിപ്പിക്കുന്നു. പെറ്റുപെരുകിയ ഇവയുടെ എണ്ണം സംബന്ധിച്ചും ആർക്കും കൃത്യമായ ധാരണയില്ല. ദേവസ്വം ബോർഡ് കോളേജിന് കിഴക്കുവശമുള്ള കുന്നിൻപുറം നിവാസികൾക്കാണ് കൂടുതൽ ബുദ്ധിമുട്ട്. കാർഷിക വിളകൾ,​ കുടിവെള്ള ടാപ്പുകൾ എന്നിവയാണ് കുരങ്ങുകൾ നശിപ്പിക്കുന്നത്. വീടിനുള്ളിൽ കടന്ന് ആഹാര സാധനങ്ങൾ കവർന്നുതിന്നുന്നതും പതിവാണ്.

ശാസ്താംകോട്ട ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾക്കും കുരങ്ങുകൾ ഭീഷണിയാണ്. കൂട്ടമായെത്തി ആഹാരസാധനങ്ങൾ കവരുന്നതാണ് കച്ചവടക്കാരെ വലയ്ക്കുന്നത്. ഇവയെ ഓടിച്ചുവിടാൻ ശ്രമിച്ചാൽ തിരിച്ച് ആക്രമിക്കാൻ സാദ്ധ്യതയുള്ളതിനാൽ അതിനും സാധിക്കാറില്ല. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി തങ്ങളെ രക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പരാതികൾക്ക് ഫലമില്ല

നാട്ടുകാരുടെ പരാതിയെ തുടർന്ന് ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പിന്റെ സഹകരണത്തോടെ പല പദ്ധതികളും ആസൂത്രണം ചെയ്തെങ്കിലും എല്ലാം പാഴായി. തുടർനടപടികൾ ഉണ്ടാകാത്തതാണ് തിരിച്ചടിയായത്. അമ്പലവാസികളല്ലാത്ത കുരങ്ങുകളെ പിടിച്ച് വനത്തിലേക്ക് അയക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ പ്രശ്ന പരിഹാര അദാലത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം എസ്.ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ പരാതി നൽകിയെങ്കിലും അതിനും തുടർ നടപടിയുണ്ടായില്ല.

ഭക്ഷണം ഉറപ്പാക്കണം

അമ്പലവാസികളായിരുന്ന കുരങ്ങുകൾക്ക് ഇവിടെ നിന്ന് ഭക്ഷണം ലഭിക്കുന്നുണ്ട്. പുറത്തുവസിക്കുന്ന കുരങ്ങുകൾക്ക് ആഹാരത്തിനായി കാർഷികവിളകളും വീടുകളിലെ ഭക്ഷണവും മാത്രമാണ് ആശ്രയം. ലോക്ക് ഡൗൺ ആരംഭിച്ചതോടെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ഇവയ്ക്ക് ഉച്ചഭക്ഷണം നൽകുന്നുണ്ടെങ്കിലും സർക്കാർ തലത്തിൽ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. ശാസ്താംകോട്ടയിലെ കുരങ്ങുകൾക്ക് 'ഭക്ഷണം നൽകണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉണ്ടായിട്ടും പഞ്ചായത്ത് തലത്തിൽ യാതൊരു നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണം.