കൊല്ലം: മൂർഖന്റെ കടിയേേൽക്കുമ്പോൾ ഉത്ര വേദനയോടെ ഉണരാതിരിക്കാൻ ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകിയതായി സൂരജിന്റെ വെളിപ്പെടുത്തൽ. പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചത്. മൂർഖൻ കടിച്ചാൽ കഠിനമായ ഉറക്കത്തിൽ നിന്ന് ഉണരുന്ന തരത്തിൽ വേദന അനുഭവപ്പെടും.

പക്ഷേ ഉത്രയെ പുലർച്ചെ ഒരു മണിയോടെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചെങ്കിലും ഉണർന്നിരുന്നില്ല. രാവിലെ അമ്മ മണിമേഖല വന്ന് വിളിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു ഉത്ര. മൂർഖൻ കടിച്ചാൽ ശക്തമായ വേദന അനുഭവപ്പെടുമെന്ന മുൻ ധാരണ സൂരജിനുണ്ടായിരുന്നു. കടിയേറ്റ് ഉത്ര ഉണർന്നാൽ ഉടനടി ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വരുമെന്നതിനാലാണ് ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ ചേർത്ത് നൽകിയത്. മരണം ഉറപ്പിക്കുക തന്നെ ആയിരുന്നു ലക്ഷ്യമെന്നും സൂരജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.