കൊല്ലം: നേരത്തെ കൊവിഡ് സ്ഥിരീകരിച്ച കല്ലുവാതുക്കൽ സ്വദേശിനിയുടെ പിഞ്ചുകുഞ്ഞിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി സൂചന. ഇതോടെ കൊല്ലം വിക്ടോറിയ ആശുപത്രിയുടെ പ്രവർത്തനം വീണ്ടും പ്രതിസന്ധിയിലേക്ക്. ഈ മാസം 5ന് യുവതി വിക്ടോറിയയിൽ എത്തിയിരുന്നു. അന്ന് നടത്തിയ സ്രവപരിശോധനാ ഫലം നെഗറ്റീവായിരുന്നു. കുഞ്ഞിന് അനക്കം കുറവായതിനാൽ 20ന് യുവതി വീണ്ടുമെത്തി. വൈകിട്ട് വരെ നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം മടക്കിഅയച്ചു. അർദ്ധരാത്രി വീണ്ടുമെത്തിയ യുവതിയെ 21ന് പുലർച്ചെ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. അതിനൊപ്പം കൊവിഡ് പരിശോധനയ്ക്കായി സ്രവവും ശേഖരിച്ചു. 23ന് കൊവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള ഫലം വന്നതോടെ യുവതിയേയും കുഞ്ഞിനെയും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതിനൊപ്പം വിക്ടോറിയ ആശുപത്രി അടച്ചുപൂട്ടി.
തൊട്ടടുത്ത ദിവസം അണുവിമുക്തമാക്കിയ ശേഷമാണ് പീഡിയാട്രിക്സ് വിഭാഗം പ്രവർത്തനം തുടങ്ങിയതോടെ. ഇന്നലെ അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചതോടെ പീഡിയാട്രിക്സ് വിഭാഗത്തിലെ ഡോക്ടർമാർ അടക്കം നിരീക്ഷണത്തിൽ പ്രവേശിച്ചു. പീഡിയാട്രിക്സ് വിഭാഗത്തിൽ ജോലിയിലുണ്ടായിരുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും സ്രവവും പരിശോധനയ്ക്ക് അയച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചതായി ഒദ്യോഗികമായി പ്രഖ്യാപിച്ച നാല് പേർക്ക് പുറമേയാണ് കുഞ്ഞിനും രോഗം സ്ഥിരീകരിച്ചത്. അമ്മയും മകനും അടക്കം മറ്റ് മൂന്നുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായും സൂചനയുണ്ട്. ഇന്ന് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കും.