കൊല്ലം: ദക്ഷിണ കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് ഏപ്രിൽ 11, 12 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ഒഴിവാക്കാൻ ബോർഡ് ഔദ്യോഗിക ഭാരവാഹികളുടെയും പരീക്ഷാ ബോർഡിന്റെയും യോഗം തീരുമാനിച്ചു. 2019 നവംബറിൽ നടന്ന അർദ്ധ വാർഷിക പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ എല്ലാ ക്ലാസുകളിലും പ്രൊമോഷൻ നൽകും. 5, 7, 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും. സ്‌കൂൾ തുറക്കുന്ന മുറയ്ക്ക് മദ്രസകൾ തുറന്ന് പ്രവർത്തനമാരംഭിക്കാനും യോഗം തീരുമാനിച്ചു.
കിളികൊല്ലൂർ ഉമറുൽ ഫാറൂഖിൽ കൂടിയ യോഗം വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. പരീക്ഷാ ബോർഡ് ചെയർമാൻ കെ.കെ. സുലൈമാൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പാലുവള്ളി അബ്ദുൽ ജബ്ബാർ മൗലവി റിപ്പോർട്ട് അവതരിപ്പിച്ചു.
ചർച്ചയുടെ ഉദ്ഘാടനം ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിർവഹിച്ചു. വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ. ഉമർ മൗലവി, വൈസ് ചെയർമാൻ കുറ്റിച്ചൽ ഹസൻ ബസരി മൗലവി, സെക്രട്ടറിമാരായ പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, എൻ.കെ. അബ്ദുൽ മജീദ് മൗലവി, പരീക്ഷാ ബോർഡ് അംഗം വൈ. നവാബുദ്ദീൻ മൗലവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.