കൊല്ലം: ഒരു കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കൊല്ലം. 27 വയസുള്ള യുവതി, അവരുടെ ഒന്നും നാലും വയസുള്ള പെൺകുട്ടികൾ, 58 വയസുള്ള മാതാവ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം ഗൃഹ നിരീക്ഷണത്തിലായിരുന്നു.
ഈമാസം 16ന് അബുദാബിയിൽ നിന്നും മടങ്ങിയെത്തിയ ഇവർ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ തൊട്ടടുത്ത സീറ്റുകളിൽ യാത്ര ചെയ്തവരാണ്. വിമാനയാത്രക്കാരിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടിയായി ജില്ലയിലെ 67 യാത്രികരുടേയും സാമ്പിൾ സെന്റിനൽ സർവെയ്ലൻസ് വഴി ശേഖരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള ഫലം വന്നു. ഓരോ ദിനവും കൊവിഡ് പോസിറ്റീവ് ഉണ്ടാകുന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.