lovers

നോർഡിക് രാജ്യങ്ങളിലെയും ജർമ്മനിയിലെയും ആൾക്കാർക്ക് ഇനി ഡെൻമാർക്കിൽ പ്രവേശിക്കാം. ഡെൻമാർക്കിലുള്ള കുട്ടികളെയും മാതാപിതാക്കളെയും ബന്ധുക്കളെയും കാണാൻ അവസരമൊരുങ്ങിയിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമായിരിക്കും ഇവർ പരസ്പരം കാണുന്നത്. അതേസമയം ഡെൻമാർക്കിൽ പ്രവേശിക്കുന്ന കാമുകീ കാമുകൻമാരും ദമ്പതികളും അവരുടെ ഐഡന്റിറ്റി തെളിയിക്കേണ്ടതുണ്ട്. കുറഞ്ഞത് ആറു മാസത്തെ ബന്ധമെങ്കിലും അവർ തമ്മിലുണ്ടാകണമെന്നാണ് നിബന്ധന.

എന്നാൽ, ഫോണിലൂടെയും മെയിലിലൂടെയും മറ്റുമൊക്കെ മാത്രം ബന്ധം പുലർത്തിയിരുന്നവർക്ക് പ്രവേശിക്കാനാവില്ല. നേരിട്ടുള്ള ബന്ധം തന്നെയുണ്ടാവണം. ദമ്പതികൾ അവരുടെ സ്വകാര്യ ഫോട്ടോകളോ, മെസേജുകളോ മറ്റ് വിവരങ്ങളോ പൊലീസിന് മുന്നിൽ കാണിച്ച് ബോധ്യപ്പെടുത്തേണ്ടി വരും..ഈ തീരുമാനത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. പൊലീസ് ഈ നിയമവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. അതിർത്തി തുറക്കുമെങ്കിലും എല്ലാവർക്കും പ്രവേശനം ലഭിക്കില്ല എന്നതാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.


ദമ്പതികൾ ഉൾപ്പടെയുള്ളവർ തങ്ങളുടെ ബന്ധം തെളിയിക്കാനായി ഫോട്ടോകളും മെസേജുകളും മറ്റും ഹാജരാക്കാൻ ആവശ്യപ്പെടുന്ന പൊലീസ് നടപടിക്കെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തുവന്നു. ഫോട്ടോകളും മെസേജുകളുമൊക്കെ ഓരോ ആൾക്കാരുടെയും സ്വകാര്യതയാണ്. അതിൽ ഇടപെടാൻ പൊലീസിന് ആരാണ് അധികാരം കൊടുത്തതെന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്. പ്രതിഷേധത്തെത്തുടർന്ന് ഡെൻമാർക്കിന്റെ നിയമമന്ത്രി പുതിയ പ്രസ്തവനയിറക്കി. ദമ്പതികൾ അവരുടെ ബന്ധം തെളിയിക്കുന്ന സത്യവാങ്മൂലം കാണിച്ചാൽ മതിയാകും എന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.