കൊല്ലം: കൊല്ലത്ത് ഏലാതോടിന്റെ കരയിൽ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. കൊലപാതകമെന്ന് സംശയം. കൊട്ടിയം പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഉമയനല്ലൂർ പുതുച്ചിറ ഏലായിലെ തോടിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. തലേ ദിവസം ഇവിടെ തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. തൊഴിലാളികൾ പോകാൻ തുടങ്ങിയപ്പോൾ നാലംഗ സംഘം ഇവിടെയെത്തി മദ്യപിക്കുന്നുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഈ നാലംഗ സംഘത്തിലെ ആരെങ്കിലുമാകും മരിച്ചതെന്നാണ് നിഗമനം. കൊട്ടിയം സി.ഐ ദിലീഷും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
മൃതദേഹം ഇൻക്വിസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ആളെ തിരിച്ചറിയാനാകാത്ത വിധത്തിൽ മൃതദേഹം കത്തിക്കരിഞ്ഞിരുന്നു. കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചതാകുമെന്നാണ് ആദ്യ സൂചനകൾ. ഇവിടെ അന്നേ ദിവസം ഉണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. നാല്പത് വയസ് തോന്നിയ്ക്കുന്ന പുരുഷനാണ് മരിച്ചതെന്ന് മാത്രമേ ഇപ്പോൾ വ്യക്തമായിട്ടുള്ളു.