pic

കൊല്ലം: കൊല്ലത്ത് ഏലാതോടിന്റെ കരയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കരിക്കോട് പേരൂർ തട്ടാർകോണം സ്വദേശി തങ്ങൾകുഞ്ഞ് (63) ആണ് മരിച്ചത്. വീടുമായി അകന്നുകഴിയുന്നയാളാണ്. ഇവിടെ ഇന്നലെ നാല് പേരടങ്ങുന്ന സംഘം മദ്യപിക്കുന്നത് കണ്ടവരുണ്ട്. അതിൽ ഒരാൾ തങ്ങൾ കുഞ്ഞാണെന്നാണ് നിഗമനം. മറ്റ് മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.

കൊട്ടിയം പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഉമയനല്ലൂർ പുതുച്ചിറ ഏലായിലെ തോടിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. കൊട്ടിയം സി.ഐ ദിലീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ആളെ തിരിച്ചറിയാനാകാത്ത വിധത്തിൽ മൃതദേഹം കത്തിക്കരിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്ങൾകുഞ്ഞാണെന്ന് സ്ഥിരീകരിച്ചത്.