uthra

കൊല്ലം: അഞ്ചൽ ഏറം വിഷുവിൽ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിന്റെ സഹോദരിക്കും അമ്മയ്ക്കുമെതിരെ സംസ്ഥാന വനിതാ കമ്മിഷൻ ഗാർഹിക- സ്ത്രീധന പീഡനങ്ങൾക്ക്‌ കേസെടുത്തു. കൂടുതൽ പണവും സ്വത്തും ആവശ്യപ്പെട്ട് ഇരുവരും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ഉത്രയുടെ അച്ഛനമ്മമാർ കമ്മിഷനംഗം ഷാഹിദാ കമാലിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സൂരജിന്റെ സഹോദരി ഒന്നാം പ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്. അടൂർ പറക്കോട് സ്വദേശികളായ ഇവരെ വിശദമായി ചോദ്യം ചെയ്യാനും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കാനും പത്തനംതിട്ട ജില്ലാ പൊലീസ് ചീഫിന് വനിതാ കമ്മിഷൻ ഇന്ന് രേഖാമൂലം നിർദ്ദേശം നൽകും. ഗൂഢാലോചനയിൽ സൂരജിന്റെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും നിലവിൽ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഏഴ് വർഷത്തിനകം മരിച്ചാൽ?

വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനകം ഭാര്യ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചാൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം മൂലമാണോയെന്ന് പൊതുവിൽ പൊലീസ് പരിശോധിക്കും. സൂരജും അമ്മയും സഹോദരിയും പലപ്പോഴായി ലക്ഷക്കണക്കിന് രൂപയും വാഹനങ്ങളും കൈവശപ്പെടുത്തിയെന്നാണ് ഉത്രയുടെ കുടുംബം നൽകിയ മൊഴി. പൊലീസിനും ഇതേ മൊഴി നൽകിയിട്ടുണ്ട്.

''അസ്വാഭാവിക മരണത്തിന്റെ അന്വേഷണം തുടങ്ങിയതു മുതൽ ഉത്രയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ സൂരജിന്റെ അമ്മയും സഹോദരിയും നടത്തുന്ന പരസ്യ പ്രതികരണങ്ങളും കമ്മിഷൻ ഗൗരവത്തോടെയാണ് കാണുന്നത്.

-ഷാഹിദാ കമാൽ, വനിതാ കമ്മിഷൻ അംഗം

''കേസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊല നടത്താൻ ഗൂഢാലോചന, പ്രേരണ എന്നിവ ഉണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കും.

-എസ്.ഹരിശങ്കർ, കൊല്ലം റൂറൽ എസ്.പി