corona

 രോഗികളുടെ എണ്ണം കൂടുന്നു

കൊല്ലം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും സാമൂഹിക അകലം ഉറപ്പുവരുത്താൻ കഴിയാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമായേക്കും. ദിവസങ്ങൾ പിന്നിടുന്തോറും കൊവിഡ് പ്രതിരോധവും മുൻകരുതലും പൊതുഇടങ്ങളിൽ നിന്ന് ഇല്ലാതാവുകയാണ്. ഒരു മീറ്റർ അകലം എന്ന നിർദേശമൊക്കെ മറികടന്ന് ജനങ്ങൾ ഒത്തുകൂടുന്നത് പതിവായി.

വീടിന് പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുന്നത് ജീവിതത്തിന്റെ ഭാഗമാക്കണമെന്ന ബോദ്ധ്യം മിക്കവരും മറക്കുകയാണ്. മഹാമാരി പടിക്കലുണ്ടെന്ന തോന്നൽ ഏറെ പേരും മറന്ന മട്ടാണ്. മത്സ്യ ചന്തകൾ, പ്രധാന വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രണാതീതമായി ഉയർന്നപ്പോൾ പൊലീസും തദ്ദേശ സ്ഥാപനങ്ങളും ഇടപെട്ട് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. പക്ഷേ എല്ലാ തരത്തിലുമുള്ള നിയന്ത്രണങ്ങളും അവഗണിച്ച് ജനങ്ങൾ സംഘടിക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ നിസഹായരാവുകയാണ്.

ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ കർശനമായ പരിശോധനകളിൽ നിന്ന് പൊലീസ് പിൻമാറി. പൊലീസ് സ്റ്റേഷനുകളിലെ ഏതെങ്കിലുമൊരു പ്രധാന കേന്ദ്രത്തിൽ മാത്രമാണ് 24 മണിക്കൂറും പൊലീസ് സാന്നിദ്ധ്യമുള്ളത്. ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങുന്നില്ല എന്നുറപ്പിക്കാൻ ബൈക്ക് പട്രോളിംഗ് ഉൾപ്പെടെ തുടങ്ങിയതോടെ കൂടുതൽ ഉദ്യോഗസ്ഥർ അത്തരം ജോലികൾക്ക് ആവശ്യമായി വന്നു. സൂപ്പർ മാർക്കറ്റുകൾ, പ്രധാന ജംഗ്ഷനുകൾ, മത്സ്യ ചന്തകൾ, ബാങ്കുകൾ, വിപണന - വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജനക്കൂട്ടത്തെ നിയന്ത്രിച്ച് സാമൂഹിക അകലം ഉറപ്പാക്കിയില്ലെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങളാകെ കൈവിട്ടുപോയേക്കും.

അകലം മറന്ന പരീക്ഷാക്കാലം

ജില്ലയിലെ 232 പരീക്ഷാ കേന്ദ്രങ്ങളിലായി 96,640 കുട്ടികളാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്നത്. സ്കൂൾ മതിൽകെട്ടിനകത്ത് കർശന നിയന്ത്രണങ്ങൾ, പരിശോധന, സാമൂഹിക അകലം, ഹാൻഡ് വാഷ് കോർണറുകൾ, മാസ്ക് തുടങ്ങിയ എല്ലാ പ്രതിരോധങ്ങളും ഒരുക്കിയെങ്കിലും പലയിടത്തും പുറത്തെ സ്ഥിതി ഇതായിരുന്നില്ല. ചിന്നക്കട ബസ് സ്റ്റാൻഡിൽ കൂട്ടം കൂടിയ വിദ്യാർത്ഥികളോട് സാമൂഹിക അകലം പാലിക്കണമെന്ന് പലപ്പോഴും പൊലീസിനെത്തി നിർദേശം നൽകേണ്ടി വന്നു. മാസ്ക് മാറ്റിയാണ് കുട്ടികളിൽ പലരും സൗഹൃദം പങ്കിടാൻ ഒത്തുകൂടിയത്.


........................

പരീക്ഷിച്ച് സാമൂഹിക അകലം

1. കൊവിഡ് സ്ഥിരീകരിച്ചവരിൽ മിക്കവർക്കും രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല

2. നിരീക്ഷണത്തിൽ കഴിയുന്നവരിൽ രോഗ ലക്ഷണം ഉള്ളവർക്ക് മാത്രമാണ് പരിശോധന

3. നിരീക്ഷണം ലംഘിച്ച് പുറത്ത് പോകുന്നതും ഇടപഴകുന്നതും രോഗവ്യാപനത്തിന് കാരണമാകും

4. വ്യക്തി സുരക്ഷയ്ക്കും സാമൂഹിക സുരക്ഷയ്ക്കും സാമൂഹിക അകലം അനിവാര്യം

5. ഇടയ്ക്കിടെ കൈ കഴുകി വ്യക്തി ശുചിത്വം പാലിക്കണം

6. മാസ്ക് ജീവിതത്തിന്റെ ഭാഗമാക്കണം. രക്ഷിതാക്കൾ ബോധവത്കരണം നടത്തണം

7. പുറത്തുപോയി വന്നാൽ വസ്ത്രം കഴുകി കുളിച്ചശേഷമേ വീട്ടിലുള്ളവരുമായി ഇടപെടാവൂ

8. ബന്ധുവീടുകളിലെ സന്ദർശനം, യാത്രകൾ, ചടങ്ങുകൾ പരിമിതപ്പെടുത്തണം

നിരീക്ഷണ കാലത്ത് കറക്കം വേണ്ട

വിദേശത്ത് നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിവന്ന് ഗൃഹ നിരീക്ഷണത്തിൽ കഴിയുന്ന പലരും പുറത്ത് പോകുന്നുവെന്ന വിലയിരുത്തലിലാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. പൊലീസ് ബൈക്ക് പട്രോളിംഗ് ഉൾപ്പെടെ ആരംഭിച്ചെങ്കിലും നാട് കാണാൻ ഒളിച്ച് പോകുന്നവരുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം നിരവധി പേരെ പിടികൂടിയിരുന്നു.

''

ഗൃഹ നിരീക്ഷണം അവഗണിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ് കർശന പരിശോധന നടത്തുകയാണ്. നിരീക്ഷണത്തിലിരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

ടി.നാരായണൻ,

സിറ്റി പൊലീസ് കമ്മിഷണർ

''

സാമൂഹിക അകലം പാലിക്കുക മാത്രമാണ് പ്രധാന പ്രതിരോധം. ജനക്കൂട്ടങ്ങൾ കുറേക്കാലത്തേക്ക് നിർബന്ധമായും ഒഴിവാക്കണം.

ബി.അബ്ദുൽ നാസർ

ജില്ലാ കളക്ടർ

......................